തിരുവനന്തപുരം: കള്ളന്മാര്‍ക്ക് പലപ്പോഴും അമളികള്‍ പിണയാറുണ്ട്. തിരുവനന്തപുരത്ത് ഒരു വീട്ടില്‍ മോഷണത്തിനായി കയറിയ കള്ളന് പറ്റിയതും അത്തരമൊരു അമളിയാണ്. ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ സ്വര്‍ണത്തിനും പണത്തിനുമായി അലമാര തുറന്നപ്പോള്‍ ആദ്യം കണ്ണില്‍പെട്ടത് വിലകൂടിയ വിദേശമദ്യം ആയിരുന്നു. മദ്യം കണ്ടതോടെ കള്ളന് പ്രലോഭനം സഹിക്കാനായില്ല. രണ്ടെണ്ണം അടിക്കാമെന്നോര്‍ത്ത് കുപ്പി പൊട്ടിച്ചു. ഫ്രിഡ്ജ് തുറന്ന് വെള്ളവുമെടുത്തു.
പക്ഷെ അടിതുടങ്ങിയതോടെ കള്ളന്റെ കണ്‍ട്രോള്‍ പോയി. എന്തിനാണ് താന്‍ വന്നതെന്നു പോലും മറന്ന് അവിടെയിരുന്ന് ഒറ്റയിരിപ്പിന് ഒരു ഫുള്‍ ബോട്ടില്‍ മദ്യം അകത്താക്കിയതോടെയാണ് കള്ളന് സമാധാനമായത്. ഒടുവില്‍ മദ്യം തലയ്ക്കു പിടിച്ചതോടെ കള്ളന്‍ ഫ്‌ളാറ്റ്. നേരം പുലര്‍ന്നപ്പോള്‍ കള്ളന്‍ കണ്ടത് ആളും ബഹളവും. പകച്ചുപോയ അയാള്‍ വിട്ടുമാറാത്ത ഹാങ്ങോവറില്‍ പോലീസിനോട് തൊഴുതു പറഞ്ഞു. ‘ഇനി മദ്യപിക്കില്ല സാറേ’. കഴക്കൂട്ടം പാങ്ങപ്പാറ മാങ്കുഴിയില്‍ റിട്ട.സൈനികന്റെ വീട്ടിലായിരുന്നു ഈ രസകര സംഭവം. വീട്ടുകാര്‍ കൊച്ചിയിലെ ബന്ധുവീട്ടില്‍ പോയതറിഞ്ഞാണു കക്കാന്‍ കയറിയതാണ് കള്ളന്‍. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ ഇയാളെ കോടതിയില്‍ ഹാജരാക്കി.