എറണാകളും കലൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്കു താഴ്ന്ന സംഭവത്തിനു പിന്നില്‍ പൈലിംഗ് ജോലികളിലെ പിഴവെന്നു പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ഇന്നലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ്, പോലീസ് തുടങ്ങീ വിവിധ വകുപ്പുകളുടെ ആദ്യഘട്ട വിലയിരുത്തലാണിത്. പിഡബ്‌ളുഡി ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ വിദഗ്ധ പരിശോധനകള്‍ ഇന്നുണ്ടാകുമെന്നും ഇതിനുശേഷം മാത്രമേ വ്യക്തതയുണ്ടാകൂവെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, കെട്ടിടം ഇടിഞ്ഞുവീണതിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ അടിത്തറയും ഇളകി. മൂന്നു നിലകെട്ടിടത്തിന്റെ അടിത്തറയാണ് ഇളകിയതെന്നും ഇവിടെനിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായും ഈ കെട്ടിടം പ്രവര്‍ത്തിപ്പിക്കാന്‍ ഇനി അനുവദിക്കില്ലെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. തകര്‍ന്നുവീണ കെട്ടിടം നിര്‍മിക്കുന്നവര്‍ നേരത്തേ സമീപത്തെ കെട്ടിടവും വാങ്ങിയിരുന്നതായാണു വിവരമെന്നും ഇതില്‍ സ്ഥിരീകരണം നടത്തേണ്ടതുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് ചെളി നിറഞ്ഞ മണ്ണ് കൂടുതലായതും അപകട തീവ്രത വര്‍ധിക്കാന്‍ കാരണമായതായി അധികൃതര്‍ സംശയിക്കുന്നു.
മെട്രോ സര്‍വീസുകള്‍ക്ക്
ഭീഷണിയാകില്ല
അപകടം മെട്രോ സര്‍വീസുകള്‍ക്കു ഭീഷണിയാകില്ലെന്നു കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിദഗ്ധ സംഘം ഇന്നലെ രാത്രിയില്‍തന്നെ സ്ഥലത്ത് പരിശോധന നടത്തിയെന്നും തകരാറുകള്‍ കണ്ടെത്താനായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
സുരക്ഷ കണക്കിലെടുത്താണ് ഇന്ന് ഒരു ദിവസത്തേയ്ക്കു കലൂര്‍ ഭാഗത്തേയ്ക്കുള്ള മെട്രോ സര്‍വീസ് നിര്‍ത്തിവച്ചിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടതു കാരണമാണു മെട്രോ സര്‍വീസ് നിര്‍ത്തിയത്. ആലുവ മുതല്‍ പാലാരിവട്ടംവരെ മാത്രമെ ഇന്ന് മെട്രോ സര്‍വീസ് നടത്തുന്നുള്ളൂ.
പിഡബ്‌ളുഡി അധികൃതര്‍
സ്ഥലം സന്ദര്‍ശിച്ചേക്കും
റോഡിന് വിള്ളല്‍ സംഭവിച്ച പശ്ചാത്തലത്തില്‍ പിഡബ്‌ളുഡി അധികൃതര്‍ ഇന്നു സ്ഥലം സന്ദര്‍ശിച്ചേക്കും. റോഡ് ഗതാഗത യോഗ്യമാണോയെന്ന് ഉള്‍പ്പെടെ വിലയിരുത്തലുണ്ടാകുമെന്നു വിവരം. അപകടത്തെത്തുടര്‍ന്നു ഇടിഞ്ഞ റോഡിന്റെ ഒരുഭാഗം ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്നലെ രാത്രിയോടെതന്നെ ആരംഭിച്ചിരുന്നു.
നിലവില്‍ കലൂര്‍ മുതല്‍ ലിസി ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വിദഗ്ധ പരിശോധനകള്‍ക്കുശേഷം മാത്രമേ റോഡ് തുറന്നുകൊടുക്കൂ.ഇന്നലെ രാത്രി പത്തോടെയാണു കലൂര്‍ മെട്രോ സ്റ്റേഷനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. വന്‍ ശബ്ദത്തോടെ ഇടിഞ്ഞുതാണ കെട്ടിടത്തിനു സമീപത്തു ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റേതാണു കെട്ടിടം. പണികള്‍ പൂര്‍ത്തിയായ രണ്ടു നിലയും പണികള്‍ നടന്നുകൊണ്ടിരുന്ന മൂന്നാം നിലയും ഉള്‍പ്പെടെയാണ് തകര്‍ന്നുവീണത്. 30 മീറ്റര്‍ നീളമുള്ള പില്ലറുകള്‍ മറിഞ്ഞു വീഴുകയും 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിയുകയും ചെയ്തിട്ടുണ്ട്.
രണ്ടു ജെസിബിയും മണ്ണിനടിയില്‍പ്പെട്ടു. അപകടത്തെത്തുടര്‍ന്നു സമീപത്തുകൂടി കടന്നുപോകുന്ന വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനാല്‍ ആലുവയില്‍നിന്നുള്ള പമ്പിംഗും നിര്‍ത്തിവച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു അപകടമറിഞ്ഞു രാത്രിയില്‍തന്നെ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള വ്യക്തമാക്കിയിരുന്നു. അപകടമറിഞ്ഞ് ഉന്നത പോലീസ് അധികൃതര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
അതേസമയം, നിര്‍മാണത്തിലെ പിഴവ് സംബന്ധിച്ച് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍തന്നെ പരിശോധനകള്‍ ഉണ്ടാകുമെന്നാണു വിവരം ലഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയേക്കുമെന്നാണു വിവരം.