ഇ. അനീഷ്
കോഴിക്കോട്: കോവിഡ് കാലത്തെ നിര്‍മാണ പ്രവൃത്തികളിലുണ്ടായ നഷ്ടം നികത്താന്‍ കരാറുകാരും വന്‍ കിടബില്ഡേഴ്സും കണ്ണുമടച്ച് പണി തുടങ്ങിയതോടെ സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍ പറക്കുന്നു.
സംസ്ഥാനത്തുടനീളം യാതൊരു സുരക്ഷയുംപാലിക്കാതെയാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റത്തോടൊപ്പം മഹാമാരികാലത്ത് പണി റനിര്ത്തവച്ചതുമൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധിയും ഇതിന് കാരണമാകുകയാണ്.
എത്രയും പെട്ടെന്ന് പണി തീര്‍ക്കുക എന്നതുമാത്രമാണ് ലക്ഷ്യമെന്ന് സ്ഥലത്ത് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പറയുന്നു.പലയിടത്തും കോര്പറേഷന് അനുമതി നല്കുന്ന പ്ലാന്‍ പ്രകാരമല്ല നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതെന്ന് അഗ്നിശമന സേനയും പറയുന്നു.
നിര്മിച്ചുകഴിയുന്ന ബില്‍ഡിംഗുകളില്‍ ആകട്ടെ ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള യാതൊരു വിധ സജ്ജീകരണങ്ങളുമില്ല താനും. ഈ സാഹചര്യത്തില്‍ നിര്‍മാണം നടക്കുന്ന കെട്ടിടങ്ങള്‍ നിരീക്ഷിക്കാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനും പ്രത്യേക ടീം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതില്‍ അഗ്നിശമന സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും. തൊഴിലാളികളുടെ കാര്യത്തില്‍ ലേബര്‍ കമ്മീഷണറുടെ ഇടപെടലും ഉറപ്പുവരുത്തും. എന്നാല്‍ ഇതെല്ലാം എത്രകണ്ട് പ്രാവര്‍ത്തികമാകുമെന്ന് കണ്ടുതന്നെ അറിയണം. കാരണം വന്‍ കിട കമ്പനികളെല്ലാം വന്‍ സ്വാധീനമുള്ളവരാണ് എന്നതുകൊണ്ടുതന്നെ…
മതിയായ മുൻകരുതലോ തൊഴിൽനിയമങ്ങളോ പാലിക്കാതെയുള്ള പ്രവൃത്തികളാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്. പരക്കെയുള്ള ആക്ഷേപം. വൻകിട കെട്ടിടനിർമാണ പ്രവൃത്തികൾ നടക്കുന്നസ്ഥലങ്ങളിൽ വേണ്ട മുൻകരുതലുകൾ സംബന്ധിച്ച് തൊഴിൽ വകുപ്പുതന്നെ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഇവയൊന്നും പലയിടത്തും പാലിക്കപ്പെടുന്നില്ല.
നാലു ദിവസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം മൂന്നിടത്തുണ്ടായ അപകടങ്ങളിൽ നാലു ജീവനുകളാണ് പൊലിഞ്ഞത്.ഞായറാഴ്ച തൊണ്ടയാട് കെട്ടിട നിർമാണത്തിനിടെ വലിയ സ്ലാബ് വീണ് തമിഴ്നാട് സ്വശേദികളായ കാർത്തിക്, സലീംഖാൻ എന്നിവരും ബുധനാഴ്ച തോപ്പയിൽ ബി.ജി റോഡ് ജുമാമസ്ജിദ് മിനാരത്തിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ തോപ്പയിൽ സ്വദേശി സുലൈമാനും വെള്ളിയാഴ്ച പെരുമണ്ണയിലെ വീടിനോട് ചേർന്ന് താഴ്ചയുള്ള ഭാഗത്ത് മതിൽ നിർമിക്കവെ മണ്ണിടിഞ്ഞ് പാലാഴി സ്വദേശി ബൈജുവുമാണ് മരിച്ചത്.
മാത്രമല്ല, അടുത്തിടെ നിർമാണപ്രവൃത്തിക്കിടെ കോവൂര്‍ ഓമശ്ശേരിത്താഴത്ത് മണ്ണിടിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അപകടത്തിൽപെടുകയും ചെയ്തിരുന്നു. ഒപ്പമുള്ളവരുടെ സമയോചിത രക്ഷാപ്രവർത്തനമാണ് ഇവരുടെ ജീവൻ രക്ഷിച്ചത്. ഞായറാഴ്ച തൊണ്ടയാടുണ്ടായ അപകടത്തിൽ കൂറ്റൻ സ്ലാബുകൾ തൊഴിലാളികളുടെ ദേഹത്തേക്ക് പതിച്ചതാണ് മരണത്തിനിടയാക്കിയത്.