ബഹുനില കെട്ടിടത്തിൽ സൃഷ്ടിച്ച മനുഷ്യനിർമിതമായ ആദ്യത്തെ വെള്ളച്ചാട്ടം അത്ഭുതമാകുന്നു. ചൈനയിലെ ഗുയിയാംഗ് നഗരത്തിലാണ് സംഭവം. ഇവിടെ നിർമിച്ചിരിക്കുന്ന ലൈബിയൻ ഇന്റർനാഷണൽ പ്ലാസ സ്കൈസ്ക്രാപ്പർ എന്നു പേരുള്ള കെട്ടിടത്തിലാണ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്.
ഏകദേശം 354 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മനുഷ്യനിർമിതമായ ലോകത്തിലെ ഏറ്റവും ഉയരമേറിയ വെള്ളച്ചാട്ടം എന്ന ബഹുമതി സ്വന്തമാക്കിയിട്ടുണ്ട്. ശക്തിയേറിയ പമ്പുകളുടെ സഹായത്തോടെയാണ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്.
ഭൂമിക്കടിയിൽ നിർമിച്ചിരിക്കുന്ന നാലു ഭീമൻ സംഭരണികളിലാണ് ഈ വെള്ളച്ചാട്ടത്തിനുള്ള വെള്ളം സംരക്ഷിച്ചിരിക്കുന്നത്. ഈ വെള്ളച്ചാട്ടം ആരംഭിച്ചപ്പോൾ കെട്ടിടത്തിലെ പൈപ്പുകൾ തകർന്നതാണ് ഈ വെള്ളം വരുവാനുള്ള കാരണമെന്നാണ് പ്രദേശവാസികൾ വിചാരിച്ചത്. ഈ അത്ഭുതത്തെ വിമർശിക്കുന്നവരും നിരവധിയുണ്ട്. എന്തിനാണ് വെള്ളം വെറുതെ പാഴാക്കി കളയുകയാണെന്നാണ് ഇവരുടെ വാദം.
വെള്ളം കെട്ടിടത്തിനു മുകളിലേക്കു എത്തിക്കുവാൻ ഉപയോഗിക്കുന്നത് നാല് 185 കിലോവാട്ട് പമ്പുകളാണ്. ഇതിനായി മാത്രം മണിക്കൂറിൽ 800 യുവാൻ ചിലവാകുമെന്നും അധികൃതർ വ്യക്തമാക്കി. പ്രത്യേക അവസരങ്ങളിൽ പത്ത് മുതൽ ഇരുപത് മിനിട്ട് സമയത്തേക്കു മാത്രമാണ് ഈ വെള്ളച്ചാട്ടം പ്രവർത്തിപ്പിക്കുകയുള്ളുവെന്നും അവർ അറിയിച്ചു.
121 മീറ്റർ ഉയരത്തിൽ നിർമിച്ചിരിക്കുന്ന ലൈബിയൻ ഇന്റർനാഷണൽ പ്ലാസ സ്കൈസ്ക്രാപ്പറിൽ ഹോട്ടൽ, ഷോപ്പിംഗ് മാൾ, ഓഫീസുകൾ എന്നിവയാണ് പ്രവർത്തിക്കുന്നത്.