പാർപ്പിട കെട്ടിടം തകർന്ന് ഒരു കുട്ടിയും സ്ത്രീയും മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഭിവണ്ടി ടൗണിലെ ധോബി തലാവോ പ്രദേശത്ത് ദുർഗ റോഡിൽ സ്ഥിതി ചെയ്യുന്ന ആറ് ഫ്ളാറ്റുകളുള്ള ഒറ്റനില കെട്ടിടമാണ് പുലർച്ചെ 12.35 ന് തകർന്നതെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്റെ ദുരന്തനിവാരണ സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു.
സംഭവസ്ഥലത്ത് താനെ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ (ടിഡിആർഎഫ്) സംഘവും ഭിവണ്ടി നിസാംപൂർ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും എത്തി.
രാത്രിയിൽ തിരച്ചിൽ നടത്തി ഏഴുപേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു. എട്ട് മാസം പ്രായമുള്ള ഒരു പെൺകുട്ടിയും ഒരു സ്ത്രീയും മരിച്ചു, മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റു. ഉസ്മ അതിഫ് മോമിൻ (40), തസ്ലിമ മൊസർ മോമിൻ (8 മാസം) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരിൽ നാല് സ്ത്രീകളും 65 വയസ്സുള്ള ഒരു പുരുഷനും ഉൾപ്പെടുന്നു. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്.
അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുലർച്ചെ 3.30 ഓടെ പൂർത്തിയായതായി ഉദ്യോഗസ്ഥർ പറഞ്ഞു.കെട്ടിടത്തിന് എത്ര പഴക്കമുണ്ടെന്നും അപകടകരമായ കെട്ടിടങ്ങളുടെ പട്ടികയിൽ ഇത് ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഇതുവരെ അറിവായിട്ടില്ല.