ഒത്തൊരുമയുടേയും സമാധനത്തിന്റേയും സന്തോഷത്തിന്റേയും സന്ദേശം വിളിച്ചോതുന്ന മറ്റൊരു ക്രിസ്മസ് കാലം കൂടി ആഗമനം ചെയ്തിരിക്കുകയാണ്. നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന നമുക്ക് വേണ്ടപ്പെട്ടവർക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകാറുണ്ട്. അതുപോലെ ഒരു അമ്മ തന്റെ മകന് നൽകിയ ക്രിസ്മസ് സമ്മാനത്തിന്റെ കഥയാണ് ഇന്ന് ഏറെ കൗതുകമായിരിക്കുന്നത്.
17 കാരനായ കെയ്ലൻ മക്ഡൊണാൾഡിന് അവന്റെ അമ്മയായ കാരെൻ ന്യൂഷാം ക്രിസ്മസ് സമ്മാനമായി ഒരു ഡിജിറ്റൽ ഡ്രോയിംഗ്, കട്ടിംഗ്, പ്രിന്റിംഗ് മെഷീൻ എന്നിവ നൽകി. ഇവ ഉപയോഗിച്ച് അവനൊരു സ്റ്റാർട് അപ്പ് ബിസിനസ് ആരംഭിച്ചു. ഉത്സവ സീസണുകളിൽ ഓൺലൈനിൽ സ്റ്റിക്കറുകൾ വിൽക്കാൻ തീരുമാനിച്ച കെയ്ലൻ അതിലേക്ക് ഇറങ്ങിച്ചെന്നു.
ഓൺലൈനിൽ സ്റ്റിക്കറുകൾ വിൽപ്പന നടത്തി പ്രതിമാസം 19,000 ഡോളർ, അതായത് ഏകദേശം 16,08,748 രൂപയാണ് കെയ്ലൻ സമ്പാദിക്കുന്നത്. അമ്മ നൽകിയ സമ്മാനമാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ഇതിലും വലിയൊരു സമ്മാനം തനിക്കിനി കിട്ടാനില്ലെന്ന് കെയ്ലൻ തന്റെ നേട്ടത്തെക്കുറിച്ച് പറഞ്ഞു. താൻ ഏറെ ഇഷ്ടപ്പെട്ടാണ് ഇപ്പോൾ തന്റെ ജോലി ചെയ്യുന്നതെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ സാധ്യതകൾ തേടുകയാണ് എന്നും കെയ്ലൻ കൂട്ടിച്ചേർത്തു.