തൃശൂർ: എന്തൊക്കെ സ്വപ്നങ്ങളായിരുന്നു കഴിഞ്ഞ ബജറ്റ് അവതരണം കഴിഞ്ഞപ്പോൾ തൃശൂർ ജില്ലയ്ക്കുണ്ടായിരുന്നത്. ജില്ലയെ വാഴകൃഷി സോണ്‍ ആക്കും, ഫർണീച്ചർ ഹബ്, ജില്ലയിൽ ഓട്ടിസം പാർക്കൊരുക്കും…ഇതൊക്കെ കേട്ട് ധനമന്ത്രിയെയും സർക്കാരിനെയും വാഴ്ത്താത്തവർ ആരുമില്ലായിരുന്നു. എന്നാൽ അന്നത്തെ ബജറ്റ് പ്രസംഗത്തിലെ വാഗ്ദാനത്തിനപ്പുറം ഒന്നുമുണ്ടായില്ല. വാഴകൃഷി സോണുമില്ല, ഹബ്ബുമില്ല…. എല്ലാം ഒരു സ്വപ്നം പോലെ പറഞ്ഞു, പോയി.
സ്വർണനഗരിയെന്ന വിശേഷണം കൂടിയുള്ള തൃശൂരിൽ ജെം ആൻഡ് ജ്വല്ലറി പാർക്ക്, കൊരട്ടിയിലെ വ്യവസായ ഷെഡ്, അത്താണിയിലെ കെൽട്രോണ്‍ പുനരുജ്ജീവന പദ്ധതി എന്നിവയിലും ഒന്നുമുണ്ടായില്ല. തലപ്പള്ളിയിലെ ഫയർ ക്രാക്കേഴ്സ് പ്രോഡക്ട് ക്ലസ്റ്ററിനു സ്ഥല പരിശോധനയും, വടക്കാഞ്ചേരിയിലെ വ്യവസായ പാർക്കിനു സ്ഥലം കണ്ടെത്തിയതും മാത്രമാണുണ്ടായത്.
കെ.കരുണാകരന്റെ കാലത്തു തുടങ്ങി നഷ്ടത്തിലായതിനെതുടർന്ന് പ്രവർത്തനം നിലച്ച മാളയിലെ കോഴിത്തീറ്റ ഫാക്ടറി 10 കോടിയുണ്ടായാൽ പ്രവർത്തനം തുടങ്ങാമായിരുന്നതും വാഗ്ദാനത്തിലൊതുങ്ങി.ട്രാൻസ്ജെൻഡറുകൾക്കു ജില്ലാകേന്ദ്രങ്ങളിലെ സുരക്ഷിത ഹോമുകൾ കഴിഞ്ഞവർഷത്തെ പ്രഖ്യാപനമാണ്, ഇപ്പോഴും വാഗ്ദാനത്തിലുണ്ട്.
ചിലതു മാത്രമാണ് യാഥാർഥ്യമായത്. എന്നാൽ ഏറെയും വാഗ്ദാനങ്ങൾപ്പുറം കടന്നില്ല. കുന്നംകുളം താലൂക്ക്, ഏഷ്യയിലെ ആദ്യത്തെ ആയുർവേദ സ്പോർട്സ് ആശുപത്രി എന്നിവ യാഥാർഥ്യമായ പദ്ധതികളാണ്. മെഡിക്കൽ കോളജ്, ജില്ല-താലൂക്ക്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവകളുടെ നവീകരണവും പുരോഗമിക്കുന്നുണ്ട്.
താലൂക്ക് ആശുപത്രികളിലെ ട്രോമകെയർ സംവിധാനം ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശത്തിനു കഴിഞ്ഞ വർഷം പ്രഖ്യാപിച്ച രണ്ടായിരം കോടിയുടെ പാക്കേജിൽ കാര്യമായൊന്നും ജില്ലയ്ക്കു ലഭിച്ചില്ല.