മെഡലുകള്‍ കാണിച്ചാല്‍ കുഞ്ഞുങ്ങളുടെ പട്ടിണി മാറുമോ? കുടുംബത്തിന്‍റെ പട്ടിണി മാറ്റാന്‍ തെരുവില്‍ പഴങ്ങള്‍ വിറ്റ് മുന്‍ ദേശീയ കായികതാരം

Buli_Basumatary01

ക്ലാവു പിടിച്ചു തുടങ്ങിയ സ്വര്‍ണ മെഡലുകള്‍ കാണിച്ചാല്‍ വിശന്നു കരയുന്ന തന്‍റെ കുഞ്ഞുങ്ങളുടെ പട്ടിണി മാറില്ലെന്നു തരിച്ചറിഞ്ഞതോടെയാണ് ബുലി ബസുമതറി എന്ന മുന്‍ ദേശീയ അന്‌പെയ്ത്തു താരം തെരുവില്‍ പഴക്കച്ചവടത്തിനിറങ്ങിയത്. കുടുംബം പുലര്‍ത്താന്‍ തെരുവില്‍ പോരിവെയിലത്തു കച്ചവടം നടത്തുന്‌പോഴും തന്നെ ആളുകള്‍ തിരിച്ചറിയും എന്നുളള അമിത പ്രതീക്ഷയൊന്നും ബുലിക്കില്ലായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി തെരുവില്‍ പഴങ്ങള്‍ വിറ്റിരുന്ന അവളെയാരും തിരിച്ചറിഞ്ഞിരുന്നതുമില്ല.

ആസാമിലെ ചിരാഗ് സ്വദേശിനിയായ ബുലി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലൂടെയാണ് കായികരംഗത്തേക്കു വരുന്നത്. അന്‌പെയ്ത്തില്‍ ലക്ഷ്യം കൃത്യമായിരുന്ന ബുലി രാജസ്ഥാനില്‍ നടന്ന സബ്ജൂണിയര്‍ അന്‌പെയ്ത്തു മത്സരത്തില്‍ തുടര്‍ച്ചയായി സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടി.

ജാര്‍ഖണ്ഡില്‍ നടന്ന സീനിയര്‍ ലെവല്‍ മത്സരത്തിലും ബുലി തന്‍റെ ജൈത്രയാത്ര തുര്‍ന്നു. എന്നാല്‍ 2010ല്‍ ഉണ്ടായ ഒരു അപകടം ബുലിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. മികച്ച ചികിത്സ നല്കി ആ കായികതാരത്തെ കായികരംഗത്തേക്കു തിരികെയെത്തിക്കാനുള്ള സാന്പത്തിക സ്ഥിതി ആ ദരിദ്രകുടുംബത്തിനുണ്ടായിരുന്നില്ല.
Buli_Basumatary02
ചിലവു കുറഞ്ഞ നാട്ടുചികിത്സ ചെയ്തു പരിക്കു ഭേദമായപ്പോഴേക്കും ആ വര്‍ഷത്തെ അവസരങ്ങള്‍ ബുലിക്കു നഷ്ട്‌പ്പെട്ടിരുന്നു. നിലവാരമുളള അന്പും വില്ലും മേടിക്കാന്‍ പണം ഇല്ലാതിരുന്നതും ഈ കായികതാരത്തിനു വെല്ലുവിളിയായി. രണ്ടരലക്ഷം രൂപ വില വരുന്ന ഏറ്റവും നിലവാരം കുറഞ്ഞ അന്പും വില്ലും സ്വന്തമാക്കാന്‍ പോലും ബുലിക്കു കഴിയുമായിരുന്നില്ല.

കുടുംബത്തില്‍ പ്രാരാബ്ദങ്ങള്‍ ഏറിയതോടെ അന്പു വില്ലും പിടിച്ച കൈകള്‍ പഴക്കുട്ടയേന്തുകയായിരുന്നു. ഭര്‍ത്താവും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും അടങ്ങുന്നതാണ് ബുലിയുടെ കുടുംബം. ഒരു മുറി മാത്രമുള്ള കുടിലില്‍ താന്‍ നേടിയെടുത്ത മെഡലുകള്‍ ബുലി ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. വെറുതെ… ഓര്‍മയ്ക്കായി…

Related posts