വാഴൂർ: വളർത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം പ്രദേശവാസികൾ അറിഞ്ഞത് ഏറെ ഞെട്ടലോടെ. ഇന്നലെ രാവിലെ 11.30നാണ് വാഴൂര്‍ കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോർജ് (56) വളർത്തു കാളയുടെ കുത്തേറ്റ് മരിച്ചത്. പ്രദേശത്തെ മികച്ച ക്ഷീരകർഷകനായിരുന്നു റെജിയെന്ന് നാട്ടുകാർ പറഞ്ഞു.
വർഷങ്ങളായി കാലികളെ വളര്‍ത്തി ജീവിക്കുന്നവരായിരുന്നു റെജിയും ഭാര്യ ഡാർലിയും. ഏറെ കാര്യമായാണ് റെജി കാളയെ പരിപാലിച്ചു പോന്നിരുന്നത്.
വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് റെജി എന്നും കാളയെ കെട്ടുന്നത്. ഇവിടെനിന്ന് മാറ്റിക്കെട്ടുന്നതിനായി അടുത്തേക്ക് എത്തിയ റെജിയെ പെട്ടെന്ന് കാള ആക്രമിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യ ഡാർലിയെയും കാള ആക്രമിച്ചു. കൂറ്റൻ കാളയായിരുന്നതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ഇതിനെ കീഴ്പ്പെടുത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാഴൂർ വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തിയെങ്കിലും ഈ സമയം കാള ശാന്തമായ അവസ്ഥയിലായിരുന്നു. നിലവിൽ പറന്പിൽ കെട്ടിയിട്ടിരിക്കുന്ന കാളയെ എങ്ങനെ പരിചരിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.