തൃശൂർ: ബുള്ളറ്റ് ബൈക്കുകൾ മാത്രം കവർച്ച ചെയ്യുന്ന കുട്ടിമോഷ്ടാവ് പോലീസിന്റെ പിടിയിലായി. ഗുരുവായൂർ താമരയൂർ സ്വദേശിയായ കുട്ടിയാണ് കുന്നംകുളത്തുനിന്നും അറസ്റ്റിലായത്.
ചോദ്യം ചെയ്തതിൽ പൊന്നാനിയിൽനിന്നും ക്ലാസിക് മോഡൽ ബുള്ളറ്റ് കഴിഞ്ഞമാസം 29നും എടപ്പാളിൽനിന്നു റോയൽ എൻഫീൽഡ് ബൈക്ക് ഈ മാസം 17നും മോഷ്ടിച്ചതായി മൊഴിനല്‍കി. ക്ലാസിക് മോഡൽ ബുള്ളറ്റ് 20,000 രൂപയ്ക്കും റോയൽ എൻഫീൽഡ് 6000 രൂപയ്ക്കും മാത്രമാണ് വിറ്റതത്രെ.
ലക്ഷങ്ങൾ വിലമതിക്കുന്ന ബുള്ളറ്റുകൾ കവർച്ച ചെയ്യുന്നതിൽ വിരുതനാണ് കുട്ടിക്കള്ളൻ.
ഒന്നരലക്ഷത്തിനു മുകളിൽ വിലവരുന്ന ബുള്ളറ്റുകൾ ലോക്ക് പൊട്ടിച്ച് സ്റ്റാർട്ട് ചെയ്യാൻ ഈ കുട്ടിമോഷ്ടാവ് എടുക്കുന്നത് അഞ്ചുമിനിറ്റ് മാത്രമാണെന്നതു പോലീസിനെ അന്പരപ്പിച്ചു. കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിച്ച് ജീവിക്കാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ കുട്ടിമോഷ്ടാവിന്റെ മറുപടിയെന്നു പോലീസ് പറയുന്നു.
കുന്നംകുളം സിഐ കെ.ജി.സുരേഷ്, എസ്ഐമാരായ യു.കെ.ഷാജഹാൻ, ബി.എസ്.സന്തോഷ്, ഗ്ലാഡ്സ്റ്റണ്, എഎസ്ഐമാരായ സുവ്രതകുമാർ, പി.എം. റാഫി, കെ.ഗോപാലകൃഷ്ണൻ, സീനിയർ സിപിഒമാരായ പഴനി സ്വാമി, ടി.വി. ജീവൻ, പി.സുദേവ്, വിപിൻദാസ്, എം.എസ്.ലിജേഷ്, എം. മെൽവിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.