വനിതയെ അപമാനിച്ച ബിജെപി കിസാന്മോര്ച്ച നേതാവിന്റെ കെട്ടിടം ബുള്ഡോസറുമായിട്ടെത്തി പൊളിച്ച് നീക്കി അധികൃതര്. ഉത്തര്പ്രദേശിലെ നോയിഡയിലാണ് സംഭവം.
അനധികൃത നിര്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോയിഡയിലെ സെക്ടര്-93 ബിയിലുള്ള ഗ്രാന്ഡ് ഒമാക്സ് സൊസൈറ്റിയില് താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന് നേരെ ജില്ലാ ഭരണകൂടത്തിന്റെ ബുള്ഡോസര് നടപടി.
പോലീസ് ഉദ്യോഗസ്ഥരോടൊപ്പം എത്തിയ അധികൃതര് ശ്രീകാന്ത് ത്യാഗിയുടെ വസ്തുവിലെ അനധികൃത കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു.
നിലവില് കിസാന്മോര്ച്ച നേതാവായ ശ്രീകാന്ത് ത്യാഗി ഒളിവിലാണ്. ഹൗസിംഗ് സൊസൈറ്റിയില് ബഹളം സൃഷ്ടിച്ച ത്യാഗിയുടെ അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
നോയിഡ പോലീസ് ത്യാഗിക്കെതിരെ ഗുണ്ടാനിയമം ചുമത്തി. കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് ത്യാഗിയും ഹൗസിംഗ് സൊസൈറ്റിയില് താമസക്കാരിയായ വനിതയും തമ്മില് വൃക്ഷത്തൈകള് നടുന്നതുമായി ബന്ധപ്പെട്ട് തര്ക്കം നടന്നത്.
ത്യാഗി ഹൗസിംഗ് സൊസൈറ്റിയില് ചില വൃക്ഷത്തൈകള് നട്ടുപിടിപ്പിക്കാന് ശ്രമിക്കുകയും നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സ്ത്രീ അതിനെ എതിര്ക്കുകയുമായിരുന്നു.
സംഭവം നടന്നപ്പോള് ത്യാഗി ഇവരെ അപമാനിച്ചു എന്നാണ് പരാതി. ത്യാഗി സ്ത്രീയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവത്തിന്റെ വീഡിയോകള് സോഷ്യല് മീഡിയയിലൂടെ പുറത്ത് വരുകയും ചെയ്തു.
ഈയൊരു തര്ക്കത്തിനും പ്രശ്നങ്ങള്ക്കും ശേഷം ശ്രീകാന്ത് ത്യാഗിയുടെ അനുയായികള് ഹൗസിങ് സൊസൈറ്റിയില് പ്രവേശിക്കുകയും സ്ത്രീക്ക് നേരെ മുദ്രാവാക്യം വിളിക്കുകയും അപമാനിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം താന് ബി.ജെ.പിയുടെ കിസാന് മോര്ച്ചയിലെ നേതാവാണെന്ന് ത്യാഗി അവകാശപ്പെടുകയും പാര്ട്ടിയുടെ മുതിര്ന്ന നേതാക്കള്ക്കൊപ്പമുള്ള ഫോട്ടോകള് പോസ്റ്റ് ചെയ്തെങ്കിലും ബി.ജെ.പി ഇക്കാര്യങ്ങള് നിഷേധിച്ചിരുന്നു.
വനിതയെ അധിക്ഷേപിച്ച ശ്രീകാന്ത് ത്യാഗിക്കെതിരെ കര്ശന നടപടി സ്വീകരിച്ചതിന് ഉത്തര്പ്രദേശിലെ യോഗി ആദിത്യനാഥ് സര്ക്കാരിന് ബിജെപി ഡല്ഹി വക്താവ് ഖേംചന്ദ് ശര്മ്മ നന്ദി പറഞ്ഞു.