ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചയാളുടെ വീട് ഇടിച്ചുനിരത്തി. മധ്യപ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് കേസിലെ പ്രതിയായ പ്രവേശ് ശുക്ലയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്.
എന്നാല്‍, കേസിനാസ്പദമായ സംഭവം പഴയതാണെന്നും ഇലക്ഷന് അടുത്തതിനാല്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയതാണെന്നുമാണ് പ്രവേശ് ശുക്ലയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
അതേസമയം, സംഭവത്തില്‍ പ്രവേശ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേശീയസുരക്ഷാനിയമം, എസ്സി-എസ്ടി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. പ്രതിക്ക് സംഘപരിവാർ ബന്ധമുള്ളതായി ആരോപണമുണ്ട്.
കഴിഞ്ഞ ദിവസമാണ് സമൂഹമനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. ദസ്മത് രാവത് എന്ന ആദിവാസി യുവാവിനെയാണ് പ്രവേശ് ശുക്ല അപമാനിച്ചത്. നിലത്തിരിക്കുകയായിരുന്ന രാവത്തിന്റെ ദേഹത്ത് പ്രവേശ് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു.
കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതിയായ പ്രവേശ് ശുക്ലയെ ബുധനാഴ്ച പുലർച്ചെ അറസ്റ്റ്ചെയ്തത്. പ്രതിക്കെതിരേ കർക്കശനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിർദേശിച്ചിരുന്നു