ചിങ്ങവനം: ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു. കോട്ടയം കിളിരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകൻ ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തില്‍ അനീഷ് ആര്. ചന്ദ്രന്റെ മകന് അരവിന്ദ് ആര്. അനീഷ് (20) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറിനു എംസി റോഡില്‍ നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫീസിനും മധ്യേയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്.
ചങ്ങനാശേരി ഭാഗത്തുനിന്നു കോട്ടയത്തേക്കു വരികയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ ഐഷര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് അരവിന്ദ് തലയിടിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ചാലുകുന്നില്‍ സഹോദരി ലക്ഷ്മിയെ ട്യൂഷന് കൊണ്ടാക്കിയശേഷം അരവിന്ദ് പള്ളത്തിന് പോയി മടങ്ങുകയായിരുന്നു.
അപകടത്തെതുടര്‍ന്ന് അരവിന്ദിന്റെ മൃതദേഹം എംസി റോഡില്‍ത്തന്നെ കിടക്കുകയായിരുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി 108 ആംബുലന്‍സ് വരുത്തിയാണ് മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്.
അപകടത്തെ തുടര്‍ന്ന് റോഡില്‍ കൂടിക്കിടന്ന രക്തവും അവശിഷ്ടങ്ങളും കോട്ടയത്തുനിന്നു ഫയര്‍ഫോഴ്സ് സംഘമെത്തി കഴുകി വൃത്തിയാക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബൈക്ക് രണ്ടായി ഒടിഞ്ഞു.
എംസി റോഡില്‍ മണിക്കൂറോളം ഗതാഗതതടസവും നേരിട്ടു. ചിങ്ങവനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മാന്നാനം കെഇ കോളജിലെ ബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അരവിന്ദ്.
മാതാവ്: ജിജി (അധ്യാപിക).മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പില്‍.