കൊച്ചി: ഫോർട്ടുകൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനാ ഫലം വൈകും. ഏത് ഇനം തോക്കിൽ നിന്നാണ് വെടിവയ്പ്പുണ്ടായത്,.
വെടിയുണ്ട ഏത് വിഭാഗത്തിൽപ്പെട്ടതാണ്, എത്ര ദൂരം സഞ്ചരിക്കാൻ ശേഷിയുളളതാണ്, എത്ര പഴക്കമുണ്ട് തുടങ്ങിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞ ദിവസം ഫോർട്ടുകൊച്ചി നാവിക പരിശീലന കേന്ദ്രത്തിലെ തോക്കുകൾ ബാലിസ്റ്റിക് വിദഗ്ധർ പരിശോധന നടത്തിയിരുന്നു.
പക്ഷേ വെടിയുണ്ട ഉതിർത്ത തോക്ക് ഏതാണെന്ന് കണ്ടെത്താൻ സംഘത്തിനായില്ല. ഇതാണ് പരിശോധനാ ഫലം വൈകാൻ ഇടയാക്കുന്നത്.
അതോടൊപ്പം തന്നെ രാജ്യ സുരക്ഷാപ്രശ്നം ഉള്ളതിനാൽ ആയുധങ്ങളുടെ വിവരം ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടുകൂടിയെ നൽകാൻ കഴിയുവെന്നാണ് അറിയുന്നത്.
അതേസമയം നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
തോക്കുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയച്ച് ടെസ്റ്റ് ഫയറിംഗ് നടത്താനാണ് നിലവിലെ പോലീസ് തീരുമാനം.
മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ നാലുദിവസം പിന്നിടുന്പോൾ വെടിവച്ചത് ആരാണെന്ന് കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. കരയിൽ നിന്നു തന്നെയാകാം വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം.
നാവിക സേനയുടെ ഷൂട്ടിംഗ് റേഞ്ചിന് സമീപമുള്ള സ്ഥലമായതിനാൽ നേവി തന്നെയാണ് വെടിവച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഐഎൻഎസ് ദ്രോണാചാര്യയുടെ പടിഞ്ഞാറുഭാഗത്ത് കരയിൽനിന്നും ഒന്നര കിലോമീറ്റർ മാറിയാണ് സംഭവം നടന്നതെന്നാണ് തൊഴിലാളികൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുതവണ നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയിൽ പോലീസ് ഇതിനോടകം തെളിവെടുപ്പ് നടത്തി.
അതേസമയം വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് നാവികസേന. സംഭവം നടന്ന കടൽഭാഗത്ത് കോസ്റ്റൽ പോലീസ് പരിശോധനയും നടത്തി.
മത്സ്യത്തൊഴിലാളികളുടെ മൊഴി പ്രകാരമുള്ള സ്ഥലത്തുതന്നെയാണ് സംഭവം നടന്നിട്ടുള്ളതെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കഴിഞ്ഞ ഏഴിന് ഉച്ചക്ക് 12ഓടെയാണ് അൽറഹ്മാൻ എന്ന വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയിൽ സെബാസ്റ്റ്യ(70)ന്റെ ചെവിക്ക് വെടിയേറ്റത്.
വലതു ചെവിയിലാണ് വെടിയുണ്ട പതിച്ചത്. അപകടത്തിനിടയാക്കിയ വെടിയുണ്ട ബോട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറ് നാലുകിലോമീറ്റർ അകലെയായിരുന്നു സംഭവം. വള്ളത്തിൽ 33 മത്സ്യതൊഴിലാളികൾ ഉണ്ടായിരുന്നു.