കൊച്ചി: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറന്പിലിന്റെ മാതൃക പിന്തുടർന്ന് തന്റെ വാഹനവും ലേലം ചെയ്യാനൊരുങ്ങുകയാണ് എറണാകുളം സ്വദേശി മുടവത്തിൽ ജോർജ് ഫിലിപ്പ്. തന്റെ പ്രിയവാഹനമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ലേലത്തിൽ വിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇദ്ദേഹം.
ആർച്ചബിഷപ് ഡോ.ജോസഫ് കളത്തിപ്പറന്പിൽ വരാപ്പുഴ അതിരൂപതയുടെ ചരിത്രത്തിലെതന്നെ മികച്ച കാരുണ്യദൗത്യമാണു ചെയ്തത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പിന്തുണ പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്ന് ജോർജ് ഫിലിപ്പ് വ്യക്തമാക്കി.
ശാന്തിനഗർ സെന്റ് സെബാസ്റ്റ്യൻ ഇടവക കേന്ദ്രസമിതി ലീഡറാണ് ജോർജ് ഫിലിപ്പ്. ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് 13,000 കിലോമീറ്ററാണ് ഓടിയിട്ടുള്ളത്. വാഹനം വിൽപ്പന നടത്തി ലഭിക്കുന്ന തുക വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സ്വരൂപിക്കുന്ന പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ബുള്ളറ്റിനു പ്രതീക്ഷിച്ച വില കിട്ടിയില്ലെങ്കിൽ തന്റെ പക്കൽനിന്നു തുക കണ്ടെത്തി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. 1999 ൽ ദേശീയപ്പാത 47 ബൈപാസിൽ പാലാരിവട്ടം ഗീതാഞ്ജലി ജംഗ്ഷനിൽ സ്വന്തം സ്ഥലത്തു പരിശുദ്ധ കന്യകാമറിയത്തിന്റെ കപ്പേള ഇദ്ദേഹം പണിതു നൽകിയിട്ടുണ്ട്. ഹൈഡിയാണ് ഭാര്യ.ജെറി, ഫ്രെഡി എന്നിവർ മക്കളാണ്. ഫോണ് നന്പർ: 944653 8088.