ഒരു മണിക്കൂര്‍ കൊണ്ട് ഒരു വലിയ പ്ലേറ്റ് മുഴുവന്‍ വിളമ്പി വച്ചിരിക്കുന്ന ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ്.
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ തീറ്റമത്സരം സംഘടിപ്പിച്ചിരിക്കുന്നത് പൂനെയിലെ ശിവ്രാജ് ഹോട്ടലാണ്. വയറു നിറയെ കഴിച്ച് ബുളളറ്റ് സ്വന്തമാക്കണമെന്ന് സ്വപ്നം കണ്ട് ദിവസവും നിരവധി പേരാണ് ഹോട്ടലിലേക്ക് എത്തി കൊണ്ടിരിക്കുന്നത്.
‘വിന് എ ബുളളറ്റ് ബൈക്ക്’ എന്നാണ് മത്സരത്തിന്റെ പേര്. ഹോട്ടലില്‍ നിന്ന് ഒരു പ്ലേറ്റ് ഭക്ഷണം കഴിച്ചാല്‍ ബുളളറ്റ് കിട്ടുമോയെന്നാണ് സംശയമെങ്കില്‍ അത് വെറും വ്യാമോഹമാണെന്നേ ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയൂ.
അറുപത് മിനിറ്റില്‍ ഒരു വലിയ പ്ലേറ്റ് മുഴുവന്‍ വിളമ്പിവച്ച മാംസാഹാരമടങ്ങുന്ന ഭക്ഷണം കഴിച്ചു തീര്‍ക്കുന്ന ആള്‍ക്കാണ് ബുളളറ്റ് സമ്മാനമായി കിട്ടുക. രണ്ട് ലക്ഷത്തിനടുത്ത് വിലയുളള ബുളളറ്റാണ് വിജയിക്ക് ലഭിക്കുക.
വിഭവസമൃദ്ധമായ പന്ത്രണ്ട് തരം വിഭവങ്ങളാണ് കഴിക്കാനായി മുന്നില്‍ നിരത്തുന്നത്. നാല് കിലോഗ്രാം മട്ടണും പൊരിച്ച മീനും ചിക്കന്‍ തന്തൂരിയും ചെമ്മീനും ബിരിയാണിയുമെല്ലാം ഉള്‍പ്പെട്ട പ്ലേറ്റ് അത്ര എളുപ്പത്തിലൊന്നും തീര്ക്കാനാകില്ലെന്നാണ് പങ്കെടുത്തവര്‍ പറയുന്നത്. 55 പേര് ചേര്‍ന്നാണ് മത്സരത്തിനുളള വിഭവങ്ങള്‍ പാകം ചെയ്യുന്നത്.
ഒരു പ്ലേറ്റിന് 2,500 രൂപയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സരങ്ങള്‍ നടത്തുന്നതെന്ന് ഹോട്ടല്‍ ഉടമ അതുല്‍ വൈകര്‍ പറഞ്ഞു. ഓരോ ദിവസവും 65 പേരെങ്കിലും മത്സരിക്കാന്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ നടത്തിയ മത്സരത്തില്‍ മഹാരാഷ്ട്രയിലെ സോളാപൂരില്‍ നിന്നുളള സോംനാഥ് പവാറിന് മാത്രമാണ് ബുളളറ്റ് കിട്ടിയത്. അണ്‍ലോക്ക് സമയത്ത് വീടിന് പുറത്ത് ഇറങ്ങിയവര്‍ക്ക് കൗതുകമായി മാറുകയാണ് ഈ തീറ്റ മത്സരം. ഇത്തരമൊരു മത്സരം സംഘടിപ്പിച്ച് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെടാനും ഹോട്ടലിനു കഴിഞ്ഞിരിക്കുകയാണ്.