കൊച്ചി: ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും മൂന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ മൂന്നാർ വിന്റർ കാർണിവലിന്റെ പ്രചരണാർഥം ‘25 വുമൺ ഓണ്‍ ബുള്ളറ്റ്’ എന്ന പേരിൽ വനിതകളുടെ ബുള്ളറ്റ് റാലി നടത്തി. 18 ബുള്ളറ്റുകളിലായി 25 പെണ്‍കുട്ടികളാണ് മൂന്നാറിന്റെ ടൂറിസം സാധ്യതകളുടെ വീണ്ടെടുപ്പിനായി ടൂറിസം വകുപ്പുമായി കൈകോർത്തത്.
പ്രളയത്തിനുശേഷം മൂന്നാറിനും കേരളത്തിനും നഷ്ടപ്പെട്ട ടൂറിസം സാധ്യതകൾ വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായാണ് ബൈക്ക് ആൻഡ് ബുള്ളറ്റ് ലേഡി റൈഡേഴ്സ് എന്ന കൂട്ടായ്മയിലെ അംഗങ്ങൾ കൊച്ചിയിൽനിന്ന് മൂന്നാറിലേക്ക് ബുള്ളറ്റ് യാത്ര നടത്തിയത്. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച യാത്ര അസിസ്റ്റന്റ് കളക്ടർ എം.എസ്. മാധവികുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. മൂന്നാർ മാരത്തോണ്‍ റേസ് ഡയറക്ടർ വി. സെന്തിൽകുമാർ പങ്കെടുത്തു.
സോണിയ ഗ്രെഷ്യസിന്റെ നേതൃത്വത്തിലുള്ള ബുള്ളറ്റ് റൈഡേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളാണ് കൊച്ചി- മൂന്നാർ വുമൺ ഓണ്‍ ബുള്ളറ്റ് യാത്രയിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പെണ്‍കുട്ടികളാണ് യാത്രയുടെ ഭാഗമായത്. മൂന്നാർ ഹൈ ആൾട്ടിറ്റ്യൂട് ട്രെയിനിംഗ് സെന്റർ ഗ്രൗണ്ടിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇവർക്കു സ്വീകരണവും ഒരുക്കിയിരുന്നു. മൂന്നാർ ടൗണിൽ ബുള്ളറ്റ് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.