കോഴിക്കോട്: നഗരത്തിലെ എന്‍ഫീല്‍ഡ് ഷോറൂമില്‍ കവര്‍ച്ച നടത്തിയത് മലപ്പുറം തിരൂര്‍ താലൂക്കിലെ ഒഴൂര്‍ സ്വദേശി നൗഫല്‍ . ഇത് സംബന്ധിച്ചുള്ള വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചു. കവര്‍ച്ച നടത്തിയതിന് ശേഷം ബൈക്കുമായാണ് പ്രതി നാട്ടില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.
വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടേയും മൊബൈല്‍ ലൊക്കേഷന്റേയും അടിസ്ഥാനത്തിലാണ് പ്രതി ബൈക്കുമായാണ് രക്ഷപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചത്. അരീക്കോടിലെ പെട്രോള്‍ പമ്പിലെ സിസിടിവിയിലും പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ഇവിടെ നിന്നും 1000 രൂപയുടെ പെട്രോളടിച്ചാണ് പ്രതി യാത്ര തുടര്‍ന്നത്. കൂടാതെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതി സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തൃശൂര്‍ ചാവക്കാട് വരെ പ്രതി എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചാവക്കാട് പോലീസുമായി ബന്ധപ്പെട്ട് ഈ മേഖലകളില്‍ പരിശോധനയും നിരീക്ഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
നിരവധി മോഷണകേസുകളില്‍ പ്രതിയും ശിക്ഷയനുഭവിച്ചതുമായ പ്രതിയാണ് നൗഫലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫ്രാന്‍സിസ് റോഡിലെ റോയല്‍എന്‍ഫീല്‍ഡ് ഷോറൂമില്‍ വിപണിയിലിറക്കാനിരുന്ന പേുതിയ മോഡല്‍ ക്ലാസിക് എക്സ് ബൈക്ക് മോഷ്ടിച്ചത്.
മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ഷോറൂമിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഷോറൂമിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 1,60,000 രൂപയും മോഷ്ടിച്ചിരുന്നു. ബൈക്കിന് 1,72,000 രൂപയാണ് വില. സൗത്ത് അസി.കമ്മീഷണര്‍ എ.ജെ.ബാബുവിന്റെ കീഴിലുള്ള പ്രത്യേക സ്ക്വാഡും ടൗണ്‍ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷിക്കുന്നത്.