കൊച്ചി: കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നാവികസേനയുടെ അഞ്ച് തോക്കുകൾ ഇന്ന് വിദഗ്ധ പരിശോധനയ്ക്ക് അയച്ചേക്കും.
സംഭവദിവസം നേവി പരിശീലന കേന്ദ്രത്തിൽ ഉപയോഗിച്ച ഇൻസാസ് വിഭാഗത്തിൽപ്പെട്ട അഞ്ച് തോക്കുകൾ ഇന്നലെ നേവിയുടെ ആംസ് വിഭാഗം മേധാവിൽ നിന്നും കോസ്റ്റൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി നേവിയിൽ നിന്നും കൈപ്പറ്റിയ 30 തിരകളും അഞ്ച് തോക്കുകളും വൈകിട്ടോടെ കോടതിയിലും ഹാജരാക്കിയിരുന്നു.
നാഷണൽ ഫയറിംഗ് റേഞ്ചിലായിരിക്കും തോക്കുകളുടെ ബാലിസ്റ്റിക് പരിശോധന നടക്കുക. ടെസ്റ്റ് ഫറിംഗ് ഉൾപ്പെടെയുള്ള നടപടികൾ സൂക്ഷ്മതയോടെ പൂർത്തിയാക്കാനാണ് പോലീസിന്റെ നീക്കം. ഇതിന്റെ റിപ്പോർട്ട് വൈകിയേക്കും.
സംഭവദിവസം നാവികസേന പരിശീലനത്തിന് അഞ്ച് തോക്കുകളാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ഇവയുടെ വിവരങ്ങൾ ശേഖരിച്ച ശേഷം വിദഗ്ധ പരിശോധനയ്ക്കായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും സാങ്കേതിക തടസം ഉന്നയിച്ച് നേവി തോക്കുകൾ കൈമാറിയിരുന്നില്ല.
സംഭവം നടന്നതിന് പിന്നാലെ വെടിയുണ്ട തങ്ങളുടേതല്ലെന്ന് അറിയിച്ച് നേവി രംഗത്തെത്തിയിരുന്നു.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഏഴിന് ഉച്ചക്ക് 12ഓടെയാണ് അൽറഹ്മാൻ എന്ന വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകാരനഴി സ്വദേശി മണിച്ചിറയിൽ സെബാസ്റ്റ്യൻ(70) ന്റെ ചെവിക്ക് വെടിയേറ്റത്.
വലതു ചെവിയിലാണ് വെടിയുണ്ട പതിച്ചത്. അപകടത്തിനിടയാക്കിയ വെടിയുണ്ട ബോട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. കൊച്ചി അഴിമുഖത്തിനു പടിഞ്ഞാറ് നാല് കിലോമീറ്റർ അകലെ വച്ചായിരുന്നു സംഭവം. വള്ളത്തിൽ 33 മത്സ്യതൊഴിലാളികൾ ഉണ്ടായിരുന്നു.
മറ്റു കപ്പലുകൾ പോയിട്ടില്ലെന്ന് സിഐഎസ്എഫ് റിപ്പോർട്ട്
സംഭവ സമയത്ത് കൊച്ചി തീരക്കടലിലൂടെ മറ്റ് കപ്പലുകളും ബാർജുകളും കടന്നുപോയിട്ടില്ലെന്നാണ് കൊച്ചിൻ ഷിപ്പ് യാർഡിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന സിഐഎസ്എഫ് പോലീസിന് കൈമാറിയ വിവരം.
സിഐഎസ്എഫിന്റെ തോക്കുകളും പോലീസ് പരിശോധിച്ചിരുന്നു. എന്നാൽ സംഭവസമയം ഇതുവഴി പോയ കപ്പലുകളിൽ നിന്നാകാം വെടിയുതിർത്തതെന്ന സംശയം നേരത്തെ നേവി പ്രകടിപ്പിച്ചിരുന്നു.
മത്സ്യത്തൊഴിലാളികളുടെ ബോട്ടിന്റെ ജിപിഎസ് ഉപകരണവും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതും വിദഗ്ധ പരിശോധനയ്ക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയിലൂടെ ബോട്ടിന്റെ സഞ്ചാപഥം കണ്ടെത്താനാകും.
അന്വേഷണത്തോട് സഹകരിക്കുമെന്ന് നേവി
കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോട് എല്ലാരീതിയിലും സഹകരിക്കുമെന്ന് നേവി ഔദ്യോഗികമായി അറിയിച്ചു. കേസ് അന്വേഷണത്തിനു നേതൃത്വം നൽകുന്ന കോസ്റ്റൽ പോലീസിനോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും അവർ ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയെന്നും നേവി അറിയിച്ചു.