കോട്ടയം: പാലായിൽ നിന്ന് കോട്ടയത്തേക്കു വന്ന ആഭരണ വ്യാപാരിയെ പൾസർ സുനിയും കൂട്ടരും കൊള്ളയടിച്ച കേസിൽ ബുള്ളറ്റ് സജിയെ പാലാ സിഐ അറസ്റ്റു ചെയ്തു.കവർച്ച ചെയ്ത നാലു ലക്ഷം രൂപയിൽ തൊണ്ണൂറായിരം രൂപ കൈപ്പറ്റിയെന്ന കേസിലാണ് തൃശൂർ മഴുവഞ്ചേരി എരനല്ലൂർ അരിയംപുറത്ത് സജിത് എന്ന ബുള്ളറ്റ് സജി (28)യെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
പാലായിലെ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ കൊടുത്തു കിട്ടിയ നാലു ലക്ഷം രൂപയുമായി 2014 മേയ് ആറിന് പാലായിൽ നിന്നും കോട്ടയത്തേക്ക് ബസിൽ യാത്ര ചെയ്ത യശ്പാൽസിംഗിന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് കുപ്രസിദ്ധ കുറ്റവാളിയായ അലോട്ടി എന്നു വിളിക്കുന്ന ജയ്സ്മോനും പൾസർ സുനിയും ചേർന്ന് പണം തട്ടിയെടുക്കുകയായിരുന്നു.
അന്നു തന്നെ ഈ പണവുമായി ഇവർ ബുള്ളറ്റ് സജിയെ കാണാൻ തൃശൂരിലേക്ക് പോയി. പൾസർ സുനിയുടെ ടവേര വാഹനം ബുള്ളറ്റ് സജിക്ക് പണയപ്പെടുത്തി പണം വാങ്ങിയിരുന്നു. തൊണ്ണൂറായിരം രൂപ നല്കിയാണ് വണ്ടി തിരിച്ചെടുത്തത്.
നടൻ ദിലീപിന്റെ ഇടപ്പള്ളിയിലെ പുട്ടുകടയിൽ വച്ചാണ് പണം കൈമാറിയതെന്നും ഇക്കാര്യം ബുള്ളറ്റ് സജി സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. പൾസർ സുനി പ്രതിയായ കേസുകളുടെ പുനരന്വേഷണത്തിന്റെ ഭാഗമായാണ് ബുള്ളറ്റ് സജിയെ അറസ്റ്റു ചെയ്തത്.
ഇയാൾ ഈകേസിലെ ഒൻപതാം പ്രതിയാണ്. അലോട്ടി ഒന്നാം പ്രതിയും പൾസർ സുനി രണ്ടാം പ്രതിയുമായാണ് പുനരന്വേഷിച്ച കേസിന്റെ കുറ്റപത്രം കോടതിയിൽ നല്കുന്നത്.