ആലുവ: ഗൈഡിംഗ് പോലെതന്നെയാണ് ഗ്രേസമ്മ ടീച്ചര്‍ക്ക് ബുള്ളറ്റിനോടുള്ള സ്നേഹവും. 54ാം വയസില്‍ സ്വന്തം ബുള്ളറ്റിലെത്തി യൂണിറ്റില്‍ ഗൈഡ് പരിശീലനം നല്‍കുന്നതിന്റെ ഹരത്തിലാണ് ടീച്ചര്‍. ആലുവ വിദ്യാഭ്യാസ ജില്ലയിലുള്‍പ്പെടുന്ന ചേന്ദമംഗലം പാലിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചരിത്രാധ്യാപികയും ജില്ലയിലെ ഗൈഡ് ക്യാപ്റ്റനുമാണ് ഗ്രേസമ്മ ടീച്ചര്‍.
കുട്ടിക്കാലം മുതല്‍ മോട്ടോര്‍ ബൈക്കുകളോടുള്ള സ്നേഹം ചെന്നെത്തിയത് സ്വന്തമായി ഒരു ബുള്ളറ്റ് വാങ്ങുന്നതിലാണ്. സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങളുള്ള ദിവസങ്ങളില്‍ കൊല്ലം മുഖത്തലയിലെ വീട്ടില്‍ നിന്നും ബുള്ളറ്റില്‍ ദീര്‍ഘയാത്ര ചെയ്താണ് ഗൈഡ് യൂണിഫോമില്‍ ടീച്ചര്‍ സ്കൂളിലേക്കെത്തുന്നത്.
റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ നയിക്കുന്ന ടീച്ചര്‍, ജില്ലയില്‍ ഗൈഡ് വിഭാഗത്തിലെ 18 പതിനെട്ടു വയസു പൂര്‍ത്തിയാകുന്ന മുന്‍കാല ഗൈഡുകള്‍ക്കു (റേഞ്ചേഴ്സ്) മുഴുവന്‍ ലേണേഴ്സ് ലൈസന്‍സ് നേടുവാനും പരിശീലനം നല്‍കാനുമുള്ള തയാറെടുപ്പിലാണ്. ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ടീച്ചര്‍ നല്കുന്ന ഗൈഡ് പരിശീലന രീതികള്‍, ആഗോള സ്കൗട്ട് ഗൈഡ് തലത്തില്‍ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.