തന്റെ ചിരകാല സ്വപ്‌നമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കാനായുള്ള കഠിന പ്രയത്‌നത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഇന്ത്യന്‍ ജനത എക്കാലവും ആദരവോടെ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള പല വ്യക്തിത്വങ്ങളും പ്രധാനമന്ത്രിയുടെ ഈ ആശയത്തിന് എതിരാണ്. ഇന്ത്യയുടെ മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍ ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിനിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ബുദ്ധിയുള്ളവരുടെ വാക്കുകള്‍ എന്നും നാടിന് ഗുണമേ ചെയ്യൂ. പക്ഷേ അത് നടപ്പിലാക്കാന്‍ ബുദ്ധിയുള്ള ഒരു ഭരണാധികാരികൂടി വേണം എന്നാണ് സമൂഹമാദ്ധ്യമങ്ങള്‍ പറയുന്നത്. ബുള്ളറ്റ് ട്രെയിന്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നാണ് ഡിഎംആര്‍സി തലവന്‍ ഡോ. ഇ ശ്രീധരന്‍ പറഞ്ഞത്. നാഗ്പൂരില്‍ ഒരു പരിപാടിയ്ക്കിടെ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.
ഇന്ത്യന്‍ റെയില്‍വേയുടെ ശാക്തീകരണവും അടിസ്ഥാന സൗകര്യവികസനവുമാണ് ഇപ്പോള്‍ വേണ്ടതെന്നും ശ്രീധരന്‍ പറഞ്ഞു. രാജ്യത്ത് ബുള്ളറ്റ് ട്രെയിനിനുള്ള സമയമല്ലിത്. അതിനുള്ള സമയമായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സൗകര്യങ്ങളുടെ വികസനം കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍, വേഗത, യാത്രക്കാരുടെ ക്ഷേമം എന്നിവയ്ക്കാണ് പ്രധാന്യം നല്‍കേണ്ടതെന്നും മെട്രോ മാന്‍ പറഞ്ഞു. ഒരു ദശാബ്ദത്തിന് ശേഷം മാത്രമെ ബുള്ളറ്റ് ട്രെയിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനിന് തറക്കല്ലിട്ടത്. അഹമ്മദാബാദ് മുതല്‍ മുംബൈ വരെയാണ് ഇത് പായുന്നത്. നാഗ്പൂരിലെ മെട്രോ റെയില്‍ പദ്ധതിയില്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യന്‍ റെയില്‍വേയുമായി 36 വര്‍ഷമായി സഹകരിച്ച് വരുന്ന ശ്രീധരന്റെ വാക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളിയായിരിക്കുകയാണ്.