എൻ.എം.
ബുള്ളി ഭായ് ആപ്പ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ 21കാരനെ ചോദ്യം ചെയ്തുവരുന്നു. ബംഗളൂരുവിൽ എൻജിനിയറിംഗ് പഠിക്കുന്ന രണ്ടാം വർഷ വിദ്യാർഥിയെ ആണ് മുംബൈ പോലീസിന്റെ സൈബർ വിഭാഗം കസ്റ്റഡിയിലെടുത്തത്.
വിശദമായ ചോദ്യം ചെയ്യലിനുശേഷം വിദ്യാർഥിയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യത ഏറി.
പ്രാഥമിക നിഗമനം അനുസരിച്ച് വിദ്യാർഥി കുറ്റം ചെയ്തിട്ടുള്ളതായാണ് വിവരം. ബംഗളൂരുവിൽനിന്ന് കസ്റ്റഡിയിലെടുത്ത് മുംബൈയിലേക്ക് വിദ്യാർഥിയെ കൊണ്ടുവരികയായിരുന്നു.
ഇയാളുടെ പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി സതേജ് പാട്ടീൽ പറഞ്ഞു.
ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകുന്നതായും മന്ത്രി അറിയിച്ചു.
ആപ്പിൽ നിന്ന് അപകീർത്തികരമായ ഉള്ളടക്കം പങ്കിടാൻ അദ്ദേഹം തന്റെ ട്വിറ്റർ ഹാൻഡിൽ ഉപയോഗിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഫോട്ടോകൾ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ച ട്വിറ്റർ അക്കൗണ്ടുകളുടെ ഐപി വിലാസം വഴിയാണ് വിദ്യാർഥിയെ കണ്ടെത്തിയത്.
ആപ്പ് വികസിപ്പിക്കുന്നതിൽ വിദ്യാർഥിക്ക് പങ്കുണ്ടോ, അതോ ഒരു വലിയ ഗ്രൂപ്പിന്റെ ഭാഗമാണോ വിദ്യാർഥി എന്നൊക്കെ വിശദമായ ചോദ്യം ചെയ്യലിലേ തെളിയൂ.
എന്താണ് ബുള്ളി ഭായ്
മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ലേലത്തിന് വച്ച് വിവാദമായ ഓണ്‍ലൈൻ പ്ലാറ്റ്ഫോമാണ് ‘ബുള്ളി ഭായ്’.
“സുള്ളി ഡീൽസ്’ എന്ന വിവാദമായ ഓണ്‍ലൈൻ അപകീർത്തിക്ക് പിന്നാലെയാണ് ഒാപ്പൺ സോഴ്സ് പ്ലാറ്റ്ഫോമായ ഗിറ്റ് ഹബിൽ പുതിയ ആപ്പ് പ്രത്യക്ഷപ്പെട്ടത്.
ബുള്ളി ഭായ് എന്ന പേരിൽ മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ രൂപപ്പെടുത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ, പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിൽ നിന്നുള്ള സ്ത്രീകൾ, അവർ അറിയാതെ അവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് അപകീർത്തികരമായ പ്രചാരണം നടക്കുന്നുവെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് ബുള്ളി ഭായിയെ കുറിച്ചുള്ള വിവാദങ്ങൾ ആരംഭിച്ചത്.
മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, വിദ്യാർഥികൾ, പ്രശസ്തരായ വ്യക്തികൾ തുടങ്ങി നിരവധി സ്ത്രീകളെ ബുള്ളി ഭായ് ആപ്പിലൂടെ അപകീർത്തിപ്പെടുത്തി.
മുംബൈ സൈബർ സെല്ലും ഡൽഹി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നൂറുകണക്കിന് മുസ്ലീം സ്ത്രീകളെ ഈ ആപ്പ് വഴി ലേലത്തിന് വച്ചിട്ടുണ്ടെന്ന് വ്യക്തമായി.
മുസ്ലിം സ്ത്രീകളെ ഓണ്‍ലൈൻ ലേലത്തിനു വച്ച് കമന്റുകളിലൂടെയും ടാഗ് ലൈനുകളിലൂടെയും അപകീർത്തിപ്പെടുത്തുന്ന ഒരു സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സംശയിക്കുന്നത്.
ശിവസേന എംപി പ്രിയങ്ക ചതുർവേദിയാണ് ഇക്കാര്യം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
വിഷയം ശ്രദ്ധയിൽപ്പെട്ട വിവരസാങ്കേതിക മന്ത്രാലയം ബുള്ളി ഭായ് ആപ്പിനെതിരെ നടപടി സ്വീകരിച്ചു. സംഭവം വിവാദമായതോടെ യൂസറിനെ ഗിറ്റ് ഹബ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കടുത്ത നടപടിയുമായി കേന്ദ്രവും
ഡൽഹിയിലെ മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് ബുള്ളി ഭായ് ആപ്പിന്റെ നിർമാതാക്കൾക്ക് എതിരേ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
അപരിചിതരായ ചില ആളുകൾ ചേർന്ന് തന്റെ ഫോട്ടോകൾ വെബ്പേജിൽ അപ്ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകൾ ഇടുന്നുവെന്നുമായിരുന്നു പരാതി.
കമന്റുകൾ മുസ്ലിം വനിതകളെ അപമാനിക്കാൻ ലക്ഷ്യം വെച്ചുള്ളവയാണെന്നും താനുൾപ്പെടെ നിരവധി മുസ്ലീം വനിതകളുടെ വിവരങ്ങൾ ഈ ആപ്പ് വഴി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവർത്തക വ്യക്തമാക്കിയിരുന്നു.
കേസിൽ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാരും മുന്നോട്ടുപോകുകയാണ്. ദേശീയ വനിതാ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമാനമായ ‘സുള്ളി ഡീൽസ്’ എന്ന ആപ്പ് വഴി നേരത്തെയും മുസ്ലിം സ്ത്രീകൾക്ക് എതിരേ വ്യാപകമായി അധിക്ഷേപം നടത്തിയിരുന്നു. സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്ത്രീകളെ ഉന്നംവെച്ചായിരുന്നു ആക്രമണം.