മുംബൈ: ലാഭമെടുക്കലിന്റെ കോലാഹലം കഴിഞ്ഞപ്പോൾ ഓഹരിവിപണി വീണ്ടും ബുൾ തംരഗത്തിനൊരുങ്ങുന്നു. ഭരണത്തുടർച്ചയും കന്പോളാനുകൂല നയപരിപാടികളിലുള്ള പ്രതീക്ഷയും മോദിയുടെ രണ്ടാം കാലാവധിയിൽ വലിയ ആവേശം കാണാൻ കന്പോള പ്രവർത്തകരെ പ്രേരിപ്പിക്കുന്നു.
ഇതുവരെ കണ്ടതിലും വലിയ ബുൾ തരംഗമാണു വരാനിരിക്കുന്നതെന്ന് രാകേഷ് ജുൻജുൻവാല ഇന്നലെ പറഞ്ഞു. ഇന്ത്യൻ വിപണിയിലെ ഇപ്പോഴത്തെ “ബിഗ് ബുൾ’ പറഞ്ഞത് അക്ഷരംപ്രതി ഉൾക്കൊണ്ട മട്ടിലാണ് ഇന്നലെ കന്പോളം പ്രവർത്തിച്ചത്.
സെൻസെക്സ് 623.33 പോയിന്റ് കയറി 39,434.72ലും നിഫ്റ്റി 187.05 പോയിന്റ് കയറി 11, 844.1 ലും ക്ലോസ് ചെയ്തു. ഇരു സൂചികകളുടെയും ഏറ്റവും വലിയ ക്ലോസിംഗ് നിലവാരമാണിവ. വ്യാഴാഴ്ച സെൻസെക്സ് 40,000 വും നിഫ്റ്റി 12000 വും കടന്നെങ്കിലും വളരെ താഴെയായിരുന്നു ക്ലോസിംഗ്. ഇന്നലെ ഉയർന്നതോടെ ഈയാഴ്ച സെൻസെക്സിന് 1503 പോയിന്റും നിഫ്റ്റി 437 പോയിന്റും നേട്ടമുണ്ടാക്കി.സെൻസെക്സിലെ മുപ്പതിൽ 26 ഓഹരികളും ഇന്നലെ മികച്ച നേട്ടം കുറിച്ചു. ഐസിഐസിഐ ബാങ്ക് 5.09 ശതമാനം ഉയർന്നു.
പുതിയ ധനമന്ത്രി
നരേന്ദ്ര മോദി അടുത്തയാഴ്ച രൂപീകരിക്കുന്ന പുതിയ മന്ത്രിസഭയിൽ ധനവകുപ്പിനു പുതിയ മന്ത്രി ഉണ്ടാകുമെന്ന് ഉറപ്പായി. ആരോഗ്യപ്രശ്നങ്ങൾ മൂലം അരുൺ ജയ്റ്റ്ലി ഇനി മന്ത്രിസഭയിൽ തുടർന്നെന്നു വരില്ല. ഈയിടെ ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം ബുധനാഴ്ചയായിരുന്നു വസതിയിൽ മടങ്ങിയെത്തിയത്. കഴിഞ്ഞ പൊതു ബജറ്റ് അവതരിപ്പിച്ചതു റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ്. അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോൾ ജയ്റ്റ്ലിയിൽനിന്നു വകുപ്പ് താത്ക്കാലികമായി ഗോയലിനു നൽകിയിരുന്നു.
ഗോയലോ ഒരു പക്ഷേ ബിജെപി അധ്യക്ഷൻ അമിത് ഷായോ ധനമന്ത്രിയാകും എന്നാണ് ശ്രുതി. ഷാ വരുന്നതിൽ ബിസിനസ് ലോകത്തിനു വലിയ ആവേശമുണ്ട്.
ഭൂമിയും പരിസ്ഥിതിയും
രാജ്യത്തു മൂലധന നിക്ഷേപത്തിനു വലിയ തടസമായി നിൽക്കുന്നത് ഭൂമി ഏറ്റെടുക്കലിനും പരിസ്ഥിതി അനുമതിക്കുമുള്ള പ്രശ്നങ്ങളാണെന്നു ബിസിനസ് ലോകം കരുതുന്നു. ഇതു സംബന്ധിച്ച നിയമങ്ങളിൽ കാര്യമായ ഇളവുണ്ടായാലേ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വികസനവും ഉണർവും ഉണ്ടാകൂ എന്നാണു ബിസിനസുകാർ ചൂണ്ടിക്കാട്ടുന്നത്. റോഡ്, തുറമുഖം തുടങ്ങിയവ നിർമിക്കാനും ഭവന പദ്ധതികൾ നടപ്പാക്കാനും വൻ വ്യവസായങ്ങൾ തുടങ്ങാനും ഭൂമിയും പരിസ്ഥിതി അനുമതിയും ലഭിക്കുക ഇന്നു ദുഷ്കരമാണ്. ഇക്കാര്യങ്ങളിൽ വ്യവസായ സൗഹൃദ നയങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കന്പോളം.
ധനകമ്മി കൂട്ടിയേക്കും
ധനകമ്മി പിടിച്ചു നിർത്തുന്നതിനുള്ള വാശി കുറയ്ക്കണമെന്നും സർക്കാർ ചെലവ് വർധിപ്പിക്കണമെന്നും വ്യവസായ ലോകം ആവശ്യപ്പെടുന്നു. അതിനോടു യോജിക്കുന്നവിധം പ്രധാനമന്ത്രിയുടെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ ഇന്നലെ സംസാരിച്ചു. ഇതും വിപണിക്കു സന്തോഷകരമാണ്.
ധനകമ്മി ജിഡിപിയുടെ മൂന്നു ശതമാനവും റവന്യു കമ്മി പൂജ്യവും ആക്കാനാണു കുറേ വർഷങ്ങളായി കേന്ദ്രം ശ്രമിക്കുന്നത്. തന്മൂലം സന്പദ്ഘടനയെ ഉത്തേജിപ്പിക്കാനുതകുംവിധം സർക്കാർ ചെലവ് വർധിക്കുന്നില്ല. 2019-20-ൽ ഇതിനു മാറ്റമുണ്ടായാൽ അതു രാജ്യത്ത് ഉപഭോഗം വർധിക്കുമെന്ന് വ്യവസായികൾ കരുതുന്നു.
രൂപ നേടി
കന്പോളത്തിലെ പ്രതീക്ഷകൾ രൂപയ്ക്കും കരുത്തായി. ഡോളറിന്റെ വിനിമയ നിരക്ക് 49 പൈസ കുറഞ്ഞ് 69.53 രൂപയായി. വിദേശത്തുനിന്നു മൂലധന നിക്ഷേപം കൂടുതലായി വരും എന്നാണു കന്പോളം കണക്കാക്കുന്നത്. വിദേശ മൂലധന വരവ് കൂടുന്പോൾ ഓഹരികൾക്കു വില കൂടും. രാജ്യത്തു വിദേശ നാണ്യ ശേഖരം വർധിക്കും.