യുഎസ്: ലോട്ടറിയടിച്ചു കോടികൾ കിട്ടിയതുകൊണ്ടു മാത്രം കാര്യമില്ല, അതനുഭവിക്കാനും വേണം യോഗം. ജാക്പോട്ട് ലഭിച്ച ജോൺ ഡോ എന്ന അമേരിക്കൻ യുവാവിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അവസ്ഥയറിഞ്ഞാൽ ലോട്ടറി എടുക്കുന്നതുതന്നെ ആളുകൾ നിർത്തും!
നികുതിയെല്ലാം കഴിച്ച് 6,030 കോടിയിലധികം രൂപയാണ് ജോണിനു ലോട്ടറിയടിച്ചു കിട്ടിയത്. അമേരിക്കയുടെ ചരിത്രത്തിൽ ലോട്ടറിയിലൂടെ ഒരാൾക്കു ലഭിക്കുന്ന നാലാമത്തെ വലിയ തുകയാണിത്.
ലോട്ടറിയടിച്ച വിവരം ഭാര്യ സാറ സ്മിത്തിനോടു മാത്രമാണു ജോൺ പറഞ്ഞത്. ഇത് മറ്റാരോടും പറയരുതെന്നു ഭാര്യയെ വിലക്കുകയുംചെയ്തു.
2032 ജൂൺ ഒന്നിന് മകൾക്ക് 18 വയസ് തികയുമെന്നും അപ്പോൾ മകളോട് ഇക്കാര്യം പറയാമെന്നും പറഞ്ഞ് ഭാര്യയെക്കൊണ്ട് ഒരു കരാറിൽ ഒപ്പും വയ്പിച്ചു.
രഹസ്യം സൂക്ഷിക്കുന്നതിൽ സ്ത്രീകൾ പൊതുവേ പിന്നിലാണല്ലോ. അതുതന്നെ ഇവിടെയും സംഭവിച്ചു. കരാർ ലംഘിച്ച് ജോണിന്റെ അച്ഛനെയും രണ്ടാനമ്മയെയും ഭാര്യ ലോട്ടറിയടിച്ച വിവരമറിയിച്ചു. അതു കാട്ടുതീപോലെ നാടാകെ പടർന്നു. ഇതോടെ ജോണും ഭാര്യയും തമ്മിൽ കലഹമായി. താമസിയാതെ അവർ ബന്ധം പിരിഞ്ഞു.
അവിടംകൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല. ഭാര്യക്കെതിരേ ജോൺ ഇപ്പോൾ കേസ് കൊടുത്തിരിക്കുകയാണ്. ലോട്ടറിയടിച്ച വിവരം എത്ര പേരോടു പറഞ്ഞെന്നു വ്യക്തമാക്കണമെന്നും ഓരോതവണ കരാർ ലംഘിച്ചതിനും 83,34,950 രൂപ വീതം തരണമെന്നുമാണ് ഇയാളുടെ ആവശ്യം.
കേസിനും മറ്റുമായി ചെലവായ പണവും മുൻഭാര്യ തരണമെന്ന് ഇയാൾ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലോട്ടറിയടിക്കുന്നത് ഭാഗ്യമോ, അതോ ഭാഗ്യക്കേടോ…?