കണ്ടുകണ്ടങ്ങിരിക്കെ കോടീശ്വരനായ ഭാഗ്യവാൻ ആരെന്നറിയാൻ നിർവാഹമില്ല. ക്രിസ്മസ് പുതുവത്സര ബമ്പർ അടിച്ച വ്യക്തിക്ക് വെളിപ്പെടാൻ താൽപര്യമില്ലത്രെ.
ടിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ജേതാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇതനുസരിച്ച് വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്ന് വകുപ്പ് അറിയിച്ചു.
വിവരാവകാശ അപേക്ഷ നല്കിയാലും വിവരങ്ങള്‍ ലഭിക്കില്ല. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാൽ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങൾ പുറത്തുവിടാറില്ല.
പാലക്കാട് വിറ്റ എക്സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂധനന് എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്.
കഴിഞ്ഞ വർഷത്തെ 25 കോടി രൂപയുടെ തിരുവോണം ബമ്പർ അടിച്ച അനൂപിന്റെ ദുരവസ്ഥയാകും ക്രിസ്മസ് ബമ്പർ വിജയിയെ കാണാമറയത്ത് നിൽക്കാൻ പ്രേരിപ്പിച്ചിരിക്കുക.
ലോട്ടറി അടിച്ചതിനു പിന്നാലെ അനൂപിന് നാട്ടിൽ നിൽക്കാൻപോലും പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്. സഹായം ചോദിച്ചെത്തുന്നവർ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ശല്യം ചെയ്തുതുടങ്ങി.
കുട്ടിയെ സ്കൂളിൽ അയക്കാൻപോലും പുറത്തിറങ്ങാൻ കഴിയാതെയായി. അനൂപിന്റെ ദുരവസ്ഥ ബിബിസി വരെ റിപ്പോർട്ട് ചെയ്തു.
ഇതാവാം ബമ്പർ ഭാഗ്യവാനും വെളിപ്പെടാൻ മടി. 10 കോടി രൂപയുടെ പൂജാ ബമ്പർ ലോട്ടറിയടിച്ചയാളും ഇതുവരെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.