മെൽബണ്‍: ഇന്ത്യ ഉയർത്തിയ റണ്‍ മതിലിനു മുന്നിൽ ഓസ്ട്രേലിയയുടെ പതനം, ആറ് വിക്കറ്റ് പ്രകടനവുമായി കംഗാരുക്കളെ വരിഞ്ഞുകെട്ടിയ ജസ്പ്രീത് ബുംറയുടെ പേസ് ആക്രമണ സൗന്ദര്യം, ആതിഥേയരെ 151നു പുറത്താക്കിയ ഇന്ത്യക്ക് 292 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്, ഫോളോ ഓണ്‍ ചെയ്യിക്കാമായിരുന്നിട്ടും ഓസ്ട്രേലിയയെ അതിനായി വിടാതിരിക്കുക, രണ്ടാം ഇന്നിംഗ്സിനായി എത്തിയ ഇന്ത്യയെ ഞെട്ടിച്ച് എട്ട് പന്തുകൾക്കുള്ളിൽ നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസിന്റെ ഉജ്വല ബൗളിംഗ്, സ്റ്റംപ് എടുക്കുന്പോൾ അതുവരെ വീണത് 15 വിക്കറ്റുകൾ…
ഇത്രയുമായിരുന്നു മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം സംഭവിച്ചത്.
മത്സരത്തിൽ മേൽക്കൈയുള്ള ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ തകർച്ചയിലൂടെയാണ് കടന്നുപോകുന്നത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 151ൽ ഒതുക്കിയ ഇന്ത്യ മൂന്നാം ദിനം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 54 റണ്‍സ് എടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ്ശേഷിക്കേ 346 റണ്‍സ് ലീഡാണ് കോഹ് ലിക്കും സംഘത്തിനുമുള്ളത്. സ്കോർ: ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 443 ഡിക്ലയേർഡ്, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 54. ഓസ്ട്രേലിയ 151.
ബുംറ മാജിക്
വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ചത്. സ്കോർ 24ൽ നിൽക്കുന്പോൾ ഇഷാന്തിന്റെ പന്തിൽ മായങ്ക് അഗർവാളിന്റെ അത്യുജ്വല ക്യാച്ചിലൂടെ ഫിഞ്ച് (എട്ട് റണ്‍സ്) പുറത്തായി. ഹാരിസിനെ (22 റണ്‍സ്) ബുംറ ഇഷാന്തിന്റെ കൈകളിലെത്തിച്ചു.
ഉസ്മാൻ ഖവാജയെ (21 റണ്‍സ്) ജഡേജയുടെ പന്തിൽ മറ്റൊരു ഉജ്വല ക്യാച്ചിലൂടെ മായങ്ക് മടക്കിയതോടെ ഓസീസ് മൂന്നിന് 53. ഷോണ്‍ മാർഷും (19 റണ്‍സ്) ട്രാവിസ് ഹെഡും (20 റണ്‍സ്) ആതിഥേയരെ പതുക്കെ കരകയറ്റുമെന്ന് തോന്നിപ്പിച്ചപ്പോൾ ബുംറയുടെ വെറൈറ്റി ബൗളിംഗ്. സ്ലോ യോർക്കറിലൂടെ മാർഷിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയ ബുംറ ഹെഡിനെ ക്ലീൻ ബൗൾഡുമാക്കി.
ഓസീസ് അപ്പോൾ അഞ്ചിന് 92. ടിം പെയ്നും (22 റണ്‍സ്) പാറ്റ് കമ്മിൻസും (17 റണ്‍സ്) മറ്റൊരു രക്ഷാപ്രവർത്തനവുമായി മുന്നോട്ടു പോകുന്പോൾ ഷാമി എത്തി. ഷാമിയുടെ പന്തിൽ കമ്മിൻസ് ബൗൾഡ്. ഹനുമ വിഹാരിയുടെ പന്തിൽ വിക്കറ്റിനു പിന്നിൽ പന്ത് കമ്മിൻസിനെ വിട്ടുകളഞ്ഞിരുന്നു. തുടർന്ന് പെയ്നിനെയും ലിയോണിനെയും (പൂജ്യം), ഹെയ്സൽവുഡിനെയും (പൂജ്യം) മടക്കി ബുംറ ഓസീസ് ഇന്നിംഗ്സിനു വിരാമമിട്ടു.
കമ്മിൻസ് ഷോ
രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇന്ത്യയെ ഞെട്ടിച്ച് പാറ്റ് കമ്മിൻസ് നിറഞ്ഞാടി. ആറ് ഓവറിൽ 10 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് ഓസീസ് പേസർ സ്വന്തമാക്കി. എട്ട് പന്തുകളുടെ ഇടവേളയിൽ നാല് വിക്കറ്റുകൾ കമ്മിൻസ് സ്വന്തമാക്കി. അടുത്തടുത്ത പന്തുകളിൽ വിരാട് കോഹ് ലിയെയും (പൂജ്യം) അജിങ്ക്യ രഹാനെയെയും (ഒരു റണ്‍) പുറത്താക്കിയ കമ്മിൻസിന്റെ ഹാട്രിക്ക് ശ്രമം രോഹിത് ശർമ (അഞ്ച് റണ്‍സ്) അനുവദിച്ചില്ല.
ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ പൂജാരയെയും അർധ സെഞ്ചുറി നേടിയ കോഹ് ലിയെയും അക്കൗണ്ട് തുറക്കാൻപോലും സമ്മതിക്കാതെ ലെഗ് ഗള്ളിയിൽ ഹാരിസിന്റെ കൈകളിലെത്തിച്ചാണ് കമ്മിൻസ് മടക്കിയത്. രോഹിതിനെ ഹെയ്സൽവുഡ് ഷോണ്‍ മാർഷിന്റെ കൈകളിലെത്തിച്ചപ്പോൾ ഇന്ത്യ അഞ്ചിന് 44 എന്ന അവസ്ഥയിലായി. 28 റണ്‍സുമായി മായങ്ക് അഗർവാളും ആറ് റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസിൽ.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ഏഴിന് 443 ഡിക്ലയേർഡ്. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: ഹാരിസ് സി ഇഷാന്ത് ബി ബുംറ 22, ഫിഞ്ച് സി അഗർവാൾ ബി ഇഷാന്ത് 8, ഖവാജ സി അഗർവാൾ ബി ജഡേജ 21, ഷോണ്‍ മാർഷ് എൽബിഡബ്ല്യു ബി ബുംറ 19, ഹെഡ് ബി ബുംറ 20, മിച്ചൽ മാർഷ് സി രഹാനെ ബി ജഡേജ 9, പെയ്ൻ സി പന്ത് ബി ബുംറ 22, കമ്മിൻസ് ബി ഷാമി 17, സ്റ്റാർക്ക് നോട്ടൗട്ട് 7, ലിയോണ്‍ എൽബിഡബ്ല്യു ബി ബുംറ 0, ഹെയ്സൽവുഡ് ബി ബുംറ 0, എക്സ്ട്രാസ് 6, ആകെ 66.5 ഓവറിൽ 151ന് പുറത്ത്.
ബൗളിംഗ്: ഇഷാന്ത് 13-2-41-1, ബുംറ 15.5-4-33-6, ജഡേജ 25-8-45-2, ഷാമി 10-2-27-1, വിഹാരി 3-2-1-0.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: വിഹാരി സി ഖവാജ ബി കമ്മിൻസ് 13, അഗർവാൾ നോട്ടൗട്ട് 28, പൂജാര സി ഹാരിസ് ബി കമ്മിൻസ് 0, കോഹ്ലി സി ഹാരിസ് ബി കമ്മിൻസ് 0, രഹാനെ സി പന്ത് ബി കമ്മിൻസ് 1, രോഹിത് സി ഷോണ്‍ മാർഷ് ബി ഹെയ്സൽവുഡ് 5, പന്ത് നോട്ടൗട്ട് 6, എക്സ്ട്രാസ് 1, ആകെ 27 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 54.
ബൗളിംഗ്: സ്റ്റാർക്ക് 3-1-11-0, ഹെയ്സൽവുഡ് 8-3-13-1, ലിയോണ്‍ 10-1-19-0, കമ്മിൻസ് 6-2-10-4.