ഒരുകാലത്ത് ഇന്ത്യൻ പേസർമാരുടെ ചുമതല സ്പിന്നർമാർക്കായി പന്തിന്റെ തിളക്കം കളയുക എന്നതായിരുന്നു. ആ കാലം കടന്നുപോയതിന്റെ സൂചനയാണ് 2018 നല്‍കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പേസ് ആക്രമണ നിരയുള്ള ടീമായി ഇന്ത്യ വളർന്നു. മെൽബണിലെ ഇന്ത്യൻ ജയത്തിനുപിന്നാലെ ഓസീസ് നായകൻ അത് അടിവരയിടുകയും ചെയ്തു.
2018ൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ എന്നിവർചേർന്നു വീഴ്ത്തിയത് 136 വിക്കറ്റ്. അതോടെ വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ പേസ് ത്രയമായ മാൽക്കം മാർഷൽ, ജോ ഗാർണർ, മൈക്കിൾ ഹോൾഡിംഗ് എന്നിവർ 1984ൽ വീഴ്ത്തിയ 130 വിക്കറ്റ് എന്ന ലോക റിക്കാർഡ് പഴങ്കഥയായി.
ബുംറ, ഷാമി, ഇഷാന്ത് എന്നിവർ പേസ് ത്രയങ്ങളായി കളംവാഴുന്പോഴും ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവർ പുറത്തുണ്ടെന്നുള്ളതും വിസ്മരിച്ചുകൂട. പേസ് ത്രയത്തിൽ ശോഭിച്ചുനിൽക്കുന്നത് ഈ വർഷം അരങ്ങേറി ഒന്‍പത് ടെസ്റ്റിൽനിന്ന് 48 വിക്കറ്റ് വീഴ്ത്തിയ ബുംറയാണ്. ഷാമി 47ഉം ഇഷാന്ത് 41ഉം വിക്കറ്റ് ഈ കലണ്ടർ വർഷം സ്വന്തമാക്കി.
ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരെ വിറപ്പിച്ച ബുംറയ്ക്ക് അർഹിച്ച അംഗീകാരമായി മെൽബണിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരമെത്തി. ഒരു കലണ്ടർ വർഷം ഏറ്റവും അധികം വിക്കറ്റ് ഇന്ത്യക്കായി സ്വന്തമാക്കിയ താരമെന്ന റിക്കാർഡും ബുംറ സ്വന്തമാക്കി. 1979ൽ ദിലീപ് ദോഷി നേടിയ 40 വിക്കറ്റ് എന്ന റിക്കാർഡാണ് പിന്തള്ളപ്പെട്ടത്.
ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യൻ പേസറെന്ന നേട്ടവും ബുംറ മെൽബണിൽ സ്വന്തമാക്കി. ഇതിഹാസ താരം കപിൽദേവിനെയും അജിത്ത് അഗാർക്കറെയുമാണ് ബുംറ മറികടന്നത്. രണ്ട് ഇന്നിംഗ്സിലുമായി 86 റണ്‍സ് വഴങ്ങി ഒന്‍പത് വിക്കറ്റ് ബുംറ മെൽബണിൽ വീഴ്ത്തി. 1985ൽ അഡ്ലെയ്ഡിൽ 109 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റ് കപിൽ നേടിയിരുന്നു. 2003ലെ പരന്പരയിൽ അഡ്ലെയ്ഡിൽ അഗാർക്കറും എട്ട് വിക്കറ്റ് സ്വന്തമാക്കി.
ഏകദിന-ട്വന്റി-20 മത്സരങ്ങളിലെ ഡെത്ത് ഓവർ സ്പെഷലിസ്റ്റ് എന്ന നിലയിൽനിന്നാണ് ബുംറ ടെസ്റ്റിലെ പോരാളിയായി മാറിയത്. അത്യപൂർവ ആക്ഷനാണ് ബുംറയുടെ പ്രത്യേകത. ബുംറയുടെ ടെസ്റ്റ് പോരാട്ടത്തെ ക്യാപ്റ്റൻ കോഹ്ലി മത്സരശേഷം അകമഴിഞ്ഞ് പ്രശംസിക്കുകയും ചെയ്തു. ഏകദിന ഒന്നാം നന്പറായ ബുംറ വൈകാതെ ടെസ്റ്റ് റാങ്കിംഗിലും തലപ്പത്ത് എത്തുമെന്ന് കോഹ്ലി നിരീക്ഷിച്ചു.
ബുംറ @2018
മത്സരം: 09
ഇന്നിംഗ്സ്: 18
വിക്കറ്റ്: 48
മികച്ച ബൗളിംഗ്: 6/33