ബംഗളൂരു: ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ ശാരീരികക്ഷമതാ പരിശോധന നടത്താൻ ബംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാഡമി (എൻസിഎ) വിസമ്മതിച്ചു. സംഭവം വിവാദമായതോടെ ഇക്കാര്യത്തെക്കുറിച്ച് മുൻ താരവും എൻസിഎ തലവനുമായ രാഹുൽ ദ്രാവിഡുമായി ചർച്ചചെയ്യുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.
എൻസിഎ ഡയറക്ടർ രാഹുൽ ദ്രാവിഡും ഫിസിയോ തെറാപ്പിസ്റ്റ് ആശിഷ് കൗശിക്കും കഴിഞ്ഞ ബുധനാഴ്ച ബുംറയുമായി സംസാരിച്ചിരുന്നു. എൻസിഎയിൽ ശാരീരികക്ഷമതാ പരിശോധന നടത്തേണ്ടെന്നും പകരം സ്വന്തമായി ഏർപ്പാടാക്കിയ വിദഗ്ധ സംഘത്തോടൊപ്പം പരിശീലിക്കാനും ഇരുവരും ബുംറയോട് നിർദേശിച്ചു. ഇതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്നപ്പോൾ ബുംറ സ്വകാര്യ സ്പെഷലിസ്റ്റുകളുടെ സഹായമാണ് തേടിയത്. എൻസിഎ ക്ലീൻ ചിറ്റ് നല്കിയതിനു പിന്നാലെ ഭുവനേശ്വർ കുമാറിനു പരിക്ക് വീണ്ടും വന്നതോടെ എൻസിഎയിലേക്കില്ലെന്ന് ബുംറ നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് എൻസിഎയുടെ നിലപാട്.
ഐപിഎൽ ടീമായ ഡൽഹി ക്യാപ്പിറ്റൽസിന്റെ ട്രെയിനറായ രജനീകാന്ത് ശിവാഗ്നത്തിന്റെ കീഴിലാണ് ബുംറ ഇപ്പോൾ പരിശീലനം നേടുന്നത്. ഇന്ത്യൻ ടീമിന്റെ ട്രെയിനറാകാൻ അപേക്ഷ നൽകി തഴയപ്പെട്ട വ്യക്തിയാണ് രജനീകാന്ത്. പരിക്കിൽനിന്ന് തിരിച്ചെത്തുന്നതിന്റെ ഭാഗമായി ബിസിസിഐയുടെ കരാറിലുള്ള താരങ്ങൾ ബംഗളൂരു ക്രിക്കറ്റ് അക്കാഡമിയിൽ എത്തണമെന്നതാണ് ചട്ടം.
ബുംറയും ഹാർദിക്കും
ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ വീണ്ടും പരിക്കേറ്റ് മടങ്ങിയതോടെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് (എൻസിഎ) തുടർ പരിശീലനത്തിനും പരിശോധനകൾക്കുമായി പോകാനില്ലെന്ന് ജസ്പ്രീത് ബുംറയും ഹർദിക് പാണ്ഡ്യയും നിലപാടെടുത്തിരുന്നു. പരിക്കിൽനിന്ന് പൂർണ മുക്തനായെന്ന് ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ വിദഗ്ധർ റിപ്പോർട്ട് നല്കിയതോടെയാണ് ഭുവനേശ്വർ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20യിൽ തിരിച്ചെത്തിയത്.
എന്നാൽ, മൂന്നാം ട്വന്റി-20ക്കു പിന്നാലെ ഭുവനേശ്വറിന് സ്പോർട്സ് ഹെർണിയ പിടിപെട്ടു. അതോടെ ഭൂവി വീണ്ടും ടീമിനു പുറത്തായി. ഇതോടെയാണ് എൻസിഎയിലേക്ക് ഇല്ലെന്ന് ബുംറയും ഹാർദിക്കും നിലപാടെടുത്തത്.
ബിസിസിഐയുമായി കരാറുള്ള കളിക്കാർ പരിക്കേറ്റ് പുറത്തായശേഷം ടീമിലേക്ക് തിരിച്ചുവരുന്നതിന് മുന്നോടിയായി എൻസിഎയിൽ പരിശോധനയ്ക്കും പരിശീലനത്തിനും എത്തണമെന്നാണ് മാനദണ്ഡം.