ദുബായ്: ട്വന്റി20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ. സ്കോട്ട്ലൻഡിനെതിരായ മത്സരത്തിലാണ് ബുംറ റിക്കാർഡ് നേട്ടം സ്വന്തമാക്കിയത്.
ആദ്യ സ്പെല്ലിൽ സ്കോട്ട്ലൻഡ് ക്യാപ്റ്റൻ കെയ്ൽ കോറ്റ്സറിനെ പുറത്താക്കിയ ബുംറ തന്റെ ട്വന്റി20 വിക്കറ്റ് നേട്ടം 63 ആയി ഉയർത്തി.
ഇതോടെ യശ്വേന്ദ്ര ചാഹലിനൊപ്പമെത്തി. രണ്ടാം സ്പെല്ലിൽ മാർക് വാട്ടിനെ ബൗൾഡാക്കിയ ബുംറ ഇന്ത്യയുടെ ടി20 വിക്കറ്റ് നേട്ടക്കാരിൽ ഒന്നാമനായി.
3.4 ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്താണ് സ്കോട്ട്ലൻഡിന്റെ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്.
സ്കോട്ട്ലൻഡിനെ ഇന്ത്യ എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സ്കോട്ട്ലൻഡ് 17.4 ഓവറിൽ 85 റണ്‍സിന് പു റത്തായി.
നെറ്റ് റണ്‍റേറ്റിൽ മുന്നിലുണ്ടായിരുന്ന അഫ്ഗാനിസ്ഥാനെ മറികടക്കാൻ 7.1 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്ന ഇന്ത്യ, വെറും 39 പ ന്തിൽ ലക്ഷ്യത്തിലെത്തി.