കരൂപ്പടന്ന: കടലായി റോഡിൽ തെക്കുംകര കാപ്പ് ബണ്ട് പൊളിച്ചുനീക്കിയതായി പരാതി.
പരിസര പ്രദേശങ്ങളിലെ 400 ഓളം കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ള ജലസ്രോതസുകളിലേക്കും ഉപ്പുവെള്ളം കയറാതെ എല്ലാ വർഷവും ആറ് മാസം അടച്ചുകെട്ടി സംരക്ഷിക്കണമെന്ന കോടതിവിധി മറികടന്നാണ് കാപ്പ് ബണ്ട് പൊളിച്ചുനീക്കിയത്.
കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി ഉപ്പുവെള്ളം തടഞ്ഞ് നിർത്തി കെട്ടിപ്പോരുന്ന ബണ്ട് പൊളിച്ചു നീക്കിയതിൽ പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും മൗനം പാലിക്കുകയാണ്. രണ്ടാഴ്ച മുന്പ് ബണ്ടിന്റെ ഒരു കഴുക പൊളിച്ചു നീക്കിയപ്പോൾ തന്നെ പ്രദേശവാസികൾ പഞ്ചായത്ത് ഭരണസമിതിയെയും സെക്രട്ടറിയെയും പോലീസിനെയും കാര്യങ്ങൾ അറിയിച്ചിരുന്നു.
എന്നാൽ നടപടി ഒന്നും സ്വീകരിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ കോടതിയെ സമീപിക്കുകയും കോടതി നിയമിച്ച കമ്മീഷൻ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകുന്നതിനിടെയാണ് ബണ്ടിന്റെ രണ്ടാമത്തെ കഴുകയും പൊളിച്ചു നീക്കിയത്.
പതിറ്റാണ്ടുകളായി കുടിവെള്ള പ്രശ്നം നിലനിന്നിരുന്ന കടലായി-കരൂപ്പടന്ന പ്രദേശത്ത് നിരവധി സമരങ്ങൾക്കൊടുവിൽ കോടതി വിധി പ്രകാരമാണ് ബണ്ട് കെട്ടിയിട്ടുള്ളത്. അടുത്ത കാലത്ത് പുറം നാടുകളിൽ നിന്നുള്ള ചെമ്മീൻ കർഷകർ പാടശേഖരങ്ങൾ പാട്ടത്തിനെടുത്ത് രാസവസ്തുക്കൾ ഉപയോഗിച്ച് പുഴയും പാടശേഖരവും മലിനമാക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ഇത് പരിസര കിണറുകളിലേക്ക് വ്യാപിച്ചതോടെ കുടിവെള്ളം ഉപയോഗിക്കാൻ ആവാത്ത സ്ഥിതിയിലാണ്. ബണ്ടിന്റെ കഴുക പൊളിച്ച വിവരം അറിയിച്ചിട്ടും അധികൃതർ ഇതുവരെ യാതൊരു നടപടിയും എടുക്കാത്തതിൽ സമരപരിപാടികൾ തുടങ്ങാൻ തീരുമാനിച്ചതായി കടലായി സലീം മൗലവി, അഹമ്മദ് ഫസലുള്ള, അബ്ദുൾഖാദർ മാസ്റ്റർ, ടി.ബി. മൊയ്തീൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.