മുക്കം: ലോക് ഡൗൺ മൂലം ദുരിതത്തിലായി സ്വയം സംരഭകരായ ഭിന്നശേഷിക്കാർ.വിധിയെ മനക്കരുത്ത് കൊണ്ട് നേരിട്ട ഇവരുടെ ജീവിതമിപ്പോൾ ഇരുട്ട് പടർന്നിരിക്കുകയാണ്.
ജില്ലയിൽ മാത്രം ഇരുന്നൂറിലേറെ ഭിന്നശേഷിക്കാരാണ് സ്വയം തൊഴിൽ ഇല്ലാതായി ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്നത്. സർക്കാർ നൽകുന്ന പെൻഷൻ മാത്രമാണ് ഇവരുടെ ഏക ആശ്രയം. ഈ തുകയാണെങ്കിൽ മരുന്ന് വാങ്ങാൻ പോലും തികയില്ല.
ദുരിതത്തിനൊപ്പം കടവും
മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ സ്വദേശി ഷമീർ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ ദുരിതത്തിലായത്. 24 വർഷങ്ങൾക്ക് മുൻപ് കവുങ്ങിൽ നിന്ന് വീണതിനെ തുടർന്നാണ് ഷെമീറിന്റെ ജീവിതം വീൽച്ചെയറിലായത്.
വീട്ടിൽ ഷെമീർ മാത്രമല്ല, ഉമ്മയും ഭാര്യയും ഭിന്നശേഷിക്കാരാണ്. മാസംതോറും മരുന്ന് വാങ്ങാൻ തന്നെ വലിയ സംഖ്യ വേണം.
സീസൺ മുന്നിൽക്കണ്ട് നിർമിച്ച പേനകളും കുടകളും വിപണിയില്ലാതെ കെട്ടിക്കിടക്കുകയാണെന്ന് ഇവർ പറയുന്നു. പലരിൽ നിന്നും കടം വാങ്ങിയാണ് നിർമാണ സാമഗ്രികൾ വാങ്ങിയത്.
ഉത്പന്നങ്ങൾ വിൽക്കാൻ കഴിയാതെ വന്നതോടെ പലരും കടത്തിലായി. തുടർച്ചയായ രണ്ടാം വർഷമാണ് മഹാമാരി ഇവരുടെ പ്രതീക്ഷകൾ തട്ടി അകറ്റുന്നത്.
ആവശ്യക്കാരുണ്ടോ? വിളിച്ചോളു…
പരസഹായത്താൽ ഇരുന്നും കിടന്നും നിർമിക്കുന്ന കുടകളായിരുന്നു ഇവരുടെ പ്രധാന ഉത്പന്നം. കടലാസ് പേന, ഫാൻസി സാധനങ്ങളും നിർമിക്കാറുണ്ട്.
വീട്ടിൽ വീൽച്ചെയറിലിരുന്ന് നിർമിക്കുന്ന കുടകൾ ബസ് സ്റ്റാൻഡുകളിലെത്തിച്ചും പാലിയേറ്റീവ് സ്ഥാപനങ്ങളിലെ വിദ്യാർഥി വൊളന്റിയർമാർ മുഖേനയുമായിരുന്നു വിൽപ്പന നടത്തിയിരുന്നത്.
ഭിന്നശേഷിക്കാർ മുച്ചക്ര വാഹനത്തിൽ വീടുകളിൽ നേരിട്ടെത്തി വിൽപ്പന നടത്തുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇവയെല്ലാം നിലച്ചു.
വിദ്യാലയങ്ങളും സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളും തുറക്കാതിരുന്നതാണ് വലിയ തിരിച്ചടിയായത്. പരസഹായമില്ലാതെ ഇരിക്കാനും കിടക്കാനും കഴിയാത്ത ഇവർക്ക് കടക്കെണിയിൽനിന്ന് രക്ഷനേടാനും ജീവിതം മുന്നോട്ടു തള്ളി നീക്കാനും ഇനി പരസഹായം കൂടിയേ കഴിയൂ.
ഫോണിൽ ബന്ധപ്പെടുന്നവർക്ക് കുടകൾ ഉൾപ്പെടെ എത്തിച്ചു കൊടുക്കുമെന്നും, സുമനസ്സുകളുടെ വിളിയിലാണ് ഏക പ്രതീക്ഷയെന്നും ഷമീർ ചേന്ദമംഗല്ലൂർ ( 9645861715) പറഞ്ഞു.