മക്കളുടെ സൂപ്പർഹീറോ എന്നും അച്ഛനാണ്. ഇപ്പൊഴിത ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിൽ കുടുങ്ങിയ ഏഴു വയസുകാരനെ പിതാവ് സാഹസികമായി രക്ഷിക്കുന്നതിന്റെ ചോരമരവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവശ്യയിലെ ഫോഷനിലാണ് സംഭവം.
വീടിനുള്ളിൽ കള്ളന്മാർ കയറിയെന്ന ഭയത്താലാണ് ഏഴുവയസുകാരനായ ഈ കുട്ടി ജനാലയിലൂടെ കെട്ടിടത്തിന്റെ പുറത്തെക്ക് ഇറങ്ങിയത്. ഇവിടെയുള്ള ഗ്രില്ലിൽ തൂങ്ങി കിടന്ന കുട്ടി പിന്നീട് തിരികെ കയറുവാൻ അസാധ്യമായ വിധം കുടുങ്ങി പോകുകയായിരുന്നു.
സംഭവം കണ്ട പിതാവ് ഉടൻ തന്നെ ജനാലയിൽ കൂടി ഇറങ്ങി ഗ്രില്ലിൽ തൂങ്ങി കുട്ടിയുടെ അടുക്കലേക്ക് ചെന്നതിനു ശേഷം സുരക്ഷിതമായി കുട്ടിയെ മുറിക്കുള്ളിൽ എത്തിക്കുകയായിരുന്നു. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതിനെ തുടർന്ന് ഈ പിതാവിന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തി ധാരാളമാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.