ചേർത്തല: ആശുപത്രിയിൽ നിന്നും ഗുളികകൾ മോഷണം പോയി. ചേർത്തല താലൂക്കാശുപത്രിയിൽ ലഹരിയിൽ നിന്നും വിമുക്തിതേടുന്നവർക്കായി നൽകുന്ന ഗുളികകളാണ് മോഷണം പോയത്. ലഹരിമോചനത്തിനായി എത്തുന്നവർക്കു നൽകുന്ന ഗുളികകൾ സൂക്ഷിക്കുന്ന മുറിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. സർക്കാർ ആശുപത്രികളിൽ മാത്രം ലഭിക്കുന്ന ബുപ്രിനോർഫിൻ ഗുളികളിൽ 60 എണ്ണമാണ് നഷ്ടപ്പെട്ടത്.
ഇന്നലെ രാവിലെയാണ് മോഷണവിവരം അറിയുന്നത്. സംഭവമറിഞ്ഞെത്തിയ ചേർത്തല പോലീസ് സിസി ടിവി ഉൾപടെ പരിശോധിച്ച് അന്വേഷണം തുടങ്ങി. ഈ ഗുളികകൾ താൽക്കാലിക ലഹരിയായും ഉപയോഗിക്കാൻ സാധ്യതയുള്ളതായി പറയുന്നു. സ്ഥിരം ഉപയോഗിക്കുന്നവരാണോ ലഹരി സംഘങ്ങളാണോ സംഭവത്തിനു പിന്നിലെന്നു പോലീസ് അന്വേഷിച്ചു വരികയാണ്.
ഗുളിക വിതരണത്തിന് വേണ്ടി മാത്രമുള്ള പ്രത്യേക മുറിയുടെ താഴ് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മേശവലിപ്പും തകർത്ത് അതിലുണ്ടായിരുന്ന ഗുളികകൾ മോഷ്ടിക്കുകയായിരുന്നു. ഗുളികകളുടെ സ്റ്റോക്ക് മുറി വേറെയാണെങ്കിലും ഇവിടെ മേശവലിപ്പിൽ അടുത്ത ദിവസത്തേക്കു വേണ്ടിയുള്ള ഗുളികകൾ തലേന്ന് സൂക്ഷിക്കും. ഇത്തരത്തിലുള്ളവയാണ് മോഷണം പോയത്. ലഹരി ഉപയോക്താക്കൾക്ക് അവയിൽ നിന്നും മോചനം നൽകാൻ ലഭിക്കുന്നതാണ് ഗുളിക. വിലപിടിപ്പുള്ള ഈ ഗുളികകൾ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്നതല്ല.