ലോകത്തെ ഭീതിയിലാഴ്ത്തി വാനാക്രൈ റാന്‍സംവെയറിന്റെ ഓരോ പതിപ്പുകളും കംപ്യൂട്ടറുകളെ ആക്രമിക്കുമ്പോള്‍ ഉത്തരകൊറിയയുടെ രഹസ്യസൈബര്‍ സൈന്യമായ ബ്യൂറോ 121 ചര്‍ച്ചയാവുകയാണ്. വാനാക്രൈ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതോടെ ഇവരുടെ നേര്‍ക്കുള്ള സംശയമുനകള്‍ കൂടുതല്‍ ശക്തമാകുകയാണ്. രാജ്യത്ത് പട്ടിണിയാണെങ്കില്‍ക്കൂടി ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഇക്കൂട്ടര്‍ക്ക് സഹായം നല്കുന്നതില് ഒരു മുടക്കവും വരുത്താറില്ല എന്നതാണ് വസ്തുത. ചിലപ്പോഴൊക്കെ രാജ്യത്തിനാവശ്യമായ പണം തട്ടിയെടുത്തു നല്‍കുന്നതും ഈ സൈബര്‍ കൊള്ളക്കാരാണ്. ഉത്തരകൊറിയന്‍ ചാരസംഘടനയുടെ കീഴിലുള്ള ഈ സൈബര്‍ സെല്ലില്‍ രാജ്യത്തെ ഏറ്റവും ബുദ്ധിശാലികളായ കംപ്യൂട്ടര്‍ വിദഗ്ധരാണ് ഉള്ളത്. അന്യരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്താനും അവരുടെ കംപ്യൂട്ടര്‍ ശൃംഖലകള്‍ തകര്‍ക്കാനും ബ്യൂറോ 121നെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്താറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
ബ്യൂറോ 121ന്റെ ആ്ക്രമണത്തിന് പലപ്പോഴും ഇരയാകുന്നത് അയല്‍ രാജ്യമായ ദക്ഷിണകൊറിയ തന്നെയാണ്. കഴിഞ്ഞവര്‍ഷം ദക്ഷിണകൊറിയയിലെ ബാങ്കുകളിലെയും ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങളിലെയും മുപ്പതിനായിരത്തിലധികം കംപ്യൂട്ടറുകളെ തകര്‍ത്ത സൈബര്‍ ആക്രമണത്തിനു പിന്നിലും ഈ സംഘമാണെന്നാണ് കരുതപ്പെടുന്നത്. അതിനു തൊട്ടുപിറകെ ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. അവിടത്തെ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വരെ ഹാക്ക് ചെയ്യപ്പെട്ടെന്നു മാത്രമല്ല, അതില്‍ ‘കിം ജോങ് ഉന്‍ വിജയിക്കട്ടെ എന്ന മുദ്രാവാക്യവും പോസ്റ്റു ചെയ്തു. 1950-53 കാലഘട്ടത്തിലെ കൊറിയന്‍ യുദ്ധത്തില്‍ അമേരിക്ക ദക്ഷിണകൊറിയയ്ക്കൊപ്പം ചേര്‍ന്നതാണ് ഇവര്‍ക്ക് അമേരിക്കയോടുള്ള വിരോധത്തിനു കാരണം. ഇപ്പോള്‍ ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ പക ഇരട്ടിയാക്കി.
ബ്യൂറോ 121ല്‍ അംഗമാകുന്നത് പല തലങ്ങളിലുള്ള പരിശീലനങ്ങള്‍ക്കു ശേഷമാണ്. കോളജ് പ്രായമാകുന്നതോടെ തന്നെ സൈന്യം നേരിട്ട് വിദ്യാര്‍ഥികളെ ഹാക്കിംഗിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങും. അവരില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നവരെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കും. മിലിറ്ററി കോളജ് ഓഫ് കംപ്യൂട്ടര്‍ സയന്‍സില്‍ ഉള്‍പ്പെടെ വിവിധ വിദ്യാലയങ്ങളിലായി മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പമായിരിക്കും ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനം. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോംഗ് യോംഗിലെ ക്യാംപസിലുമുണ്ട് പഠനം. കനത്തകാവലോടെ, മുള്ളുവേലി കൊണ്ട് സംരക്ഷണകവചം തീര്‍ത്ത ക്യാംപസാണിത്.‘അണ് എത്തിക്കല്‍’ ഹാക്കിങ് രീതികളായിരിക്കും ഇവിടെ പഠിപ്പിക്കുക. വര്‍ഷംതോറും 2500 വിദ്യാര്‍ഥികളെങ്കിലും ബ്യൂറോ 121ലേക്ക് കടക്കുന്നതിനു മുന്നോടിയായുള്ള കോഴ്സില്‍ ചേരാനെത്തുന്നുണ്ട്. എന്നാല്‍ പല തലങ്ങളിലെ അന്വേഷണത്തിനു ശേഷമാണ് തങ്ങള്‍ക്കു ചേര്‍ന്നവരെ സൈന്യം തിരഞ്ഞെടുക്കുകയെന്നു മാത്രം.
സ്വപ്നസമാനമായ ജോലിയാണ് ബ്യൂറോ121ല്‍ കാത്തിരിക്കുന്നത്. ഇവിടെ എത്തിക്കഴിഞ്ഞാല്‍ മികച്ച ശമ്പളം,സമ്മാനങ്ങള്‍, സമൂഹത്തിലെ ഉന്നതപദവി ഇതെല്ലാം ഉറപ്പാണ്. കൂടാതെ സൈന്യത്തില്‍ ഉയര്‍ന്ന റാങ്കും ലഭിക്കും. നിലവില്‍ 1800 പേര് ബ്യൂറോ 121ല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. സൈന്യത്തിനു കീഴിലെ ഈ വിഭാഗത്തിന്റെ പ്രധാന ആയുധം പക്ഷേ കംപ്യൂട്ടറാണ്. ഒളിപ്പോരായതിനാല്‍ ‘രഹസ്യയോദ്ധാക്കള്‍’ എന്നാണ് ഈ സംഘാംഗങ്ങളുടെ വിളിപ്പേരു തന്നെ. യൂണിവേഴ്സിറ്റി ഓഫ് ഓട്ടോമേഷനില്‍ നിന്ന് അഞ്ച് വര്‍ഷത്തെ പഠനത്തിനു ശേഷം പുറത്തിറങ്ങുന്നവരില്‍ പ്രതിവര്‍ഷം 100 പേരെങ്കിലും ബ്യൂറോ 121ല്‍ എത്തും. ഇവരില്‍ ചിലര്‍ വിദേശരാജ്യങ്ങളിലെ ഉത്തരകൊറിയന്‍ കമ്പനികളില്‍ സാധാരണക്കാരെപ്പോലെ ജീവിക്കുന്നുണ്ട്. എന്നാല്‍ അവിടങ്ങളിലെ സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തലാണ് പ്രധാനജോലി. ഇക്കാര്യം അതീവ രഹസ്യവുമാണ്. അതേസമയം, വിദേശത്ത് ജോലി ചെയ്യുന്ന ബ്യൂറോ 121 അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ സര്‍ക്കാര്‍ വന്‍ ആനുകൂല്യങ്ങളും ആഡംബര താമസവുമെല്ലാമാണ് ഒരുക്കി നല്‍കുന്നത്. എന്നാല്‍ ഇവരേക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുകയും ചെയ്യും.