തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മണിക്കൂറുകൾക്കുള്ളിൽ കേരള തീരത്തെത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നാളെ പുലർച്ചെ നാലോടെ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ തമിഴ്നാട് തീരം തൊടുന്ന ചുഴലിക്കാറ്റ് ഉച്ചയോടെ കേരളത്തിലൂടെ കടന്നുപോകും.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മേഖലയിലൂടെയാകും ചുഴലിക്കാറ്റ് കടന്നുപോവുക. ജില്ലയിലെ 48 വില്ലേജുകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഇന്നു രാത്രി മുതൽ തെക്കൻ ജില്ലകളിൽ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മണിക്കൂറിൽ 65 മുതൽ 85 വരെ കിലോമീറ്റർ വേഗത്തിൽ അതിശക്തമായ കാറ്റ് വീശിയേക്കും. ഒൻപത് ജില്ലകളിൽ ശനിയാഴ്ച വരെ കനത്ത മഴയക്കും സാധ്യയുണ്ട്.
ഇന്നലെ ഉച്ചയോടെ ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്നും 110 കിലോമീറ്ററും പാന്പനിൽ നിന്ന് 330 കിലോമീറ്ററും കന്യാകുമാരിയിൽനിന്ന് 520 കിലോമീറ്ററും അകലെയെത്തിയ ചുഴലിക്കാറ്റ് മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ സഞ്ചാരം തുടരുകയാണ്.
നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്നു റെഡ് അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ചും തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട്.