കോട്ടയം: ബുറേവി ചുഴലിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് കോട്ടയം ജില്ല. ദുരിതാശ്വാസ പ്രവർത്തങ്ങൾക്കു നേതൃത്വം നല്‍കുന്നതിനായി 21 അംഗ ദേശീയ ദുരന്ത പ്രതികരണ സേനയും ജില്ലയിൽ എത്തിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിൽ അപകടകരമായി നില്ക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതും ശിഖരങ്ങൾ വെട്ടിമാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്.
അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് ജില്ലയിലെ വിവിധ താലൂക്കുകളിലായി 163 ദുരിതാശ്വാസ ക്യാന്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ആളുകളെ ബോധവത്കരിക്കുന്നതിനായി മൈക്ക് അനൗണ്‍സ്മെന്റുകളും നടത്തുന്നുണ്ട്.
അതിവർഷം, മണ്ണിടിച്ചിൽ, മിന്നൽപ്രളയം, ഇടിമിന്നൽ, ചുഴലിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണിമല, പന്പ, അഴുത, മീനച്ചിൽ നദികളിൽ ജലനിരപ്പുയർന്നേക്കാം. പ്രളയസാധ്യതയുണ്ടായാൽ പന്പ ഡാമിന്റെ ഷട്ടറുകൾ ഉയർത്താനും നിർദേശമുണ്ട്.
ജില്ലയിലെ ഒന്‍പതു പഞ്ചായത്തുകളിലുടെ കാറ്റ് വീശാൻ സാധ്യയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. എരുമേലി, കാഞ്ഞിരപ്പള്ളി, മുക്കണ്ടയം, തീക്കോയി, മണിമല, കൂട്ടിക്കൽ, കോരുത്തോട്, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.