ഗിന്നസ് റിക്കാര്‍ഡുകള്‍ ആളുകള്‍ പലതരത്തിലാണല്ലൊ തീര്‍ക്കാറുള്ളത്. അവയില്‍ പലതൂം ഏതെങ്കിലും ഒരുദിനം തകരും. എന്നാല്‍ ചില റിക്കാര്‍ഡുകളില്‍ വലിയൊരു കൗതുകമുണ്ടാകും. അത്തരമൊരു കൗതുകത്തിന്റെ സ്രഷ്ടാവിന്റെ കാര്യമാണിത്. ഡൊണാള്‍ഡ് ഗോര്സ്കെ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. “ഒരു ജീവിതകാലത്ത് ഏറ്റവും കൂടുതല്‍ ബിഗ് മാക് ബര്‍ഗറുകള്‍ കഴിച്ച വ്യക്തി’ എന്ന സ്ഥാനം ഇദ്ദേഹത്തിന്റെ പേരിലാണ്.
ഇതുവരെ 34,128 ബിഗ് മാക്കുകളാണ് അദ്ദേഹം അകത്താക്കിയത്. 2023 വര്‍ഷത്തില്‍ 728 ബിഗ് മാക്കുകള്‍ ആണ് ഇദ്ദേഹം കഴിച്ചത്. ബിഗ് മാക്കുകളുമായുള്ള ഗോര്സ്കെയുടെ യാത്ര ആരംഭിച്ചത് ഏകദേശം 52 വര്‍ഷം മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ 1972 മേയ് 17 ന്. അന്നുമുതല്‍ അദ്ദേഹം ട്രാക്ക് സൂക്ഷിച്ചു. കാര്ട്ടൂണുകള് തന്റെ കാറില്‍ ആദ്യദിവസം മുതല്‍ സൂക്ഷിക്കാന്‍ ആരംഭിച്ചു.
1984-ല്‍ അദ്ദേഹം ഒരു ബര്‍ഗര്‍ കിംഗ് വോപ്പറിനെ പരീക്ഷിച്ചു. പക്ഷേ തന്റെ പ്രിയപ്പെട്ട ബിഗ് മാക്കിലേക്ക് തന്നെ മടങ്ങിയെത്തി. തുടക്കത്തില്‍ ദിവസവും ഒമ്പത് ബര്‍ഗറുകള്‍ കഴിച്ചിരുന്ന അദ്ദേഹം പിന്നീട് ഉപഭോഗം രണ്ടായി ചുരുക്കി; ഒന്ന് ഉച്ചഭക്ഷണത്തിനും മറ്റൊന്ന് അത്താഴത്തിനും.1999 ലാണ് ഇക്കാര്യത്തില്‍ ഗോര്സ്കെ തന്റെ ആദ്യ ലോക റിക്കാര്‍ഡ് സ്ഥാപിച്ചത്. പിന്നീടത് പുതുക്കികൊണ്ടേയിരുന്നു.
34,000-ലധികം ബര്‍ഗറുകള്‍ കഴിച്ചിട്ടും ആരോഗ്യപ്രശ്നങ്ങള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന ഗോര്സ്കെയുടെ അവകാശവാദമാണ് എല്ലാവരേയും ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത്. വിരമിച്ച ജയില്‍ ഉദ്യോഗസ്ഥനായ ഗോര്സ്കെ ദിവസേന ആറ് മൈല്‍ നടത്തത്തില്‍ ഏര്പ്പെടുമത്രെ. ഇതാകാം ആരോഗ്യരഹസ്യമെന്നാണ് നെറ്റിസണില്‍ ചിലര്‍ കമന്റുകളില്‍ പറയുന്നത്.