പുറത്തുപോയി തിരിച്ചുവരുന്പോൾ വീടിനുള്ളിൽ കള്ളൻ ഉണ്ടെന്ന് അറിഞ്ഞാൽ ആരായാലും പരിഭ്രാന്തരാകും. കള്ളൻ ആക്രമിക്കുമോ എന്ന പേടിയിൽ വീട്ടിൽ കടക്കാതെതന്നെ ആളുകളെ വിളിച്ചു കൂട്ടാനാകും അധികം പേരും ശ്രമിക്കുക. എന്നാൽ, അമേരിക്കക്കാരനായ ജേസണ്‍ വില്യംസ് കള്ളനെ ഒറ്റയ്ക്കുതന്നെ നേരിടാൻ തീരുമാനിച്ചു. ആയുധമായി അദ്ദേഹത്തിന്റെ കൈയിൽ കിട്ടിയതാകട്ടെ അടുക്കളയിലെ ഫ്രൈയിംഗ് പാൻ!
ചിക്കാഗോയിലെ ലോഗൻ സ്ക്വയർ പരിസരത്തായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് 3.30 ഓടെ ജോലിസ്ഥലത്തുനിന്നു വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് തന്റെ വീട്ടിൽ കള്ളൻ കയറിയെന്നു ജേസണ്‍ വില്യംസിന് വിവരം ലഭിച്ചത്. അദ്ദേഹത്തിന്റെ ഫോണില്‍ സുരക്ഷാ മുന്നറിയിപ്പ് എത്തുകയായിരുന്നു.
പെട്ടെന്നുതന്നെ അദ്ദേഹം സ്ഥലത്തെത്തി ശബ്ദമുണ്ടാക്കാതെ വീടിനുള്ളിൽ കയറി. അടുക്കളയില്‍നിന്ന് ഫ്രൈയിംഗ് പാൻ കൈയിലെടുത്തശേഷം മോഷ്ടാവിനെ നേരിടാന്‍ തയാറായി.
ഈസമയം, രണ്ടുനില വീടിന്റെ മുകളില്‍നിന്ന് കള്ളന് താഴേക്ക് വന്നു. വീട്ടുടമയെ കണ്ടതോടെ അയാൾ പുറത്തേക്ക് ഓടി. തൊട്ടുപുറകെ കൈയിൽ ഫ്രൈയിംഗ് പാനുമായി ജേസണും.
വീടിന് ചുറ്റും ഒരു റൗണ്ട് ഓടിയ കള്ളന് ഗേറ്റ് തുറന്നു പുറത്തു കടന്നു. അതിനുമുന്പേ ഫ്രൈയിംഗ് പാൻ കൊണ്ട് ഒന്നുരണ്ട് അടി ജേസൺ നൽകിയിരുന്നു. ഈ സമയം പോലീസും സ്ഥലത്തെത്തി. പോലീസും ജേസണും കൂടി മോഷ്ടാവിനെ ഓടിച്ചിട്ടു പിടിക്കുകയുംചെയ്തു.