മരിച്ചവരുടെ ആത്മാക്കൾക്കു മോക്ഷം കിട്ടാൻ പ്രാർഥിക്കുന്നവരുണ്ട്. വർഷാവർഷം ചില കർമങ്ങൾ ചെയ്യുന്നവരുണ്ട്. എന്നാൽ, ദക്ഷിണ അമേരിക്കയിലെ ഗോത്രവർഗക്കാരായ യനോമാമികളുടെ ഇടയിലുള്ള ആചാരം കേട്ടാൽ നമ്മൾ ഒാക്കാനിച്ചുകൊണ്ട് ഒാടി രക്ഷപ്പെടും.
ആധുനിക കാലത്തിലും തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കടുകിടെ മാറ്റാതെ മുന്നോട്ടുപോകുന്ന ഗോത്രവർഗമാണ് യനോമാമികൾ. വെനേസ്വേലയിലും ബ്രസീലിന്റെ ചില ഭാഗങ്ങളിലും ഇവരെ കാണാം. തങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ഊന്നി ജീവിക്കാനാണ് ഇക്കൂട്ടർക്കിഷ്ടം.
ഇവരുടെ ശവസംസ്കാര ചടങ്ങുകളാണ് ആധുനിക സമൂഹത്തിന് ഒട്ടും ദഹിക്കാത്തത്. കാണുന്നവർക്കും കേൾക്കുന്നവർക്കും അംഗീകരിക്കാൻ പറ്റാത്തതാണ് ഇവരുടെ രീതികൾ.
നരഭോജനത്തോടു സാമ്യമുള്ളതാണ് ഇവരുടെ ശവസംസ്കാര രീതി. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്താനായി ഇവർ ശവം കത്തിക്കരിഞ്ഞ ശേഷം എല്ലും ചാരവും ഭക്ഷിക്കും.
മോക്ഷം കിട്ടാൻ
ഒരു വ്യക്തിയുടെ മരണ ശേഷവും അയാളുടെ ആത്മാവിനെ സംരക്ഷിക്കണമെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. യനോമാമികളുടെ ആചാരപ്രകാരം മരണപ്പെട്ടയാളുടെ ശരീരം കത്തിയ ചാരവും എല്ലും അയാൾക്കു പ്രിയപ്പെട്ടവർ ഭക്ഷിച്ചാൽ മാത്രമേ ആത്മാവിനു മോക്ഷം ലഭിക്കുകയുള്ളത്രേ.
ആദ്യം ശരീരം കത്തിയ കരി ഇവർ തങ്ങളുടെ മുഖത്തും ശരീരത്തിലും പൂശുകയും ശേഷം ചാരവും എല്ലിൻ കഷ്ണങ്ങളും ശേഖരിച്ച് അതിനെ പഴവുമായി കൂട്ടിയോജിപ്പിക്കും.
പ്രാദേശികമായി അവർക്കു പ്രിയപ്പെട്ട ബനാന സൂപ്പ് ഉണ്ടാക്കുന്നതിനാണ് ഇത്.അതേസമയം, ഒരാൾ അയാളുടെ ശത്രുവിനാൽ കൊല്ലപ്പെട്ടതാണെങ്കിൽ ചടങ്ങിൽ ചില വ്യത്യാസങ്ങൾ പ്രതീക്ഷിക്കാം.
ഇത്തരം സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട ആളുമായി അടുപ്പമുള്ള സ്ത്രീകൾ മാത്രമേ ചാരം ഭക്ഷിക്കുകയുള്ളൂ. പുരുഷന്മാർ അപ്പോഴേക്കും ശത്രുവിനോടുള്ള പ്രതികാരം തീർക്കാനായി പുറപ്പെട്ടിട്ടുണ്ടാകും. ശത്രുവിനെ ഏതു വിധേനയും കീഴ്പ്പെടുത്തിയ ശേഷം മാത്രമേ ആണുങ്ങൾ തിരികെയെത്തൂ.