പോർട്ട് ജെന്റില്‍: കളി അവസാനത്തോടടുത്തപ്പോള്‍ അലയിന്‍ ട്രാവോര്‍ നേടിയ ഫ്രീകിക്ക് ഘാനയെ തോല്‍പ്പിച്ചു. ഈ ഒരു ഗോള്‍ മതിയായിരുന്നു ബുര്‍ക്കിന ഫാസോയ്ക്ക് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ മൂന്നാം സ്ഥാനം നേടാന്‍. 89-ാം മിനിറ്റില്‍ 20 വാര പുറത്തുനിന്ന് ട്രാവോര്‍ എടുത്ത ഇടംകാല് കിക്ക് വലയുടെ ഇടതു മുകളിലായി തറച്ചു.
ബുര്‍ക്കിന ഫാസോ 1-0ന് ഘാനയെ തോല്പിച്ചു. ഇതോടെ കഴിഞ്ഞ നാലു ടൂര്‍ണമെന്റുകളിൽ മൂന്നു തവണയും ഘാനയ്ക്കു നാലാം സ്ഥാനം കൊണ്ടു തൃപ്തരാകേണ്ടിവന്നു. മികച്ച അവസരങ്ങള്‍ പലതും നശിപ്പിച്ചതാണ് ഘാനയെ പരാജയത്തിലേക്കു തള്ളിവിട്ടത്. കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ബ്ലാക് സ്റ്റാർസിന്റെ (ഘാനയുടെ ചെല്ലപ്പേര്) ജോര്‍ദാന്‍ അയു, എഡ്വേര്‍ഡ് അഗ്യേമാംഗ് ബാഡു, െബര്ണാഡ് ടെക്പെറ്റി എന്നിവര്‍ക്കായില്ല. സെമിയില്‍ ഈജിപ്തിനോടു പൊരുതിത്തോറ്റ ബുര്‍ക്കിന ഫാസോയ്ക്ക് ഈ ജയം ആശ്വാസമായി.
89-ാം മിനിറ്റ് വരെ മത്സരം ഗോള്‍രഹിതമായിരുന്നപ്പോള്‍ വിജയികളെ നിര്‍ണയിക്കാന്‍ എക്സ്ട്രാ ടൈം വേണ്ടിവരുമെന്നു തോന്നിച്ചു. എന്നാല്‍, ട്രാവോറിന്റെ ഫ്രീകിക്ക് മത്സരം കൂടുതല്‍ നീട്ടിയില്ല.
കാമറൂണിനോടു സെമിയില്‍ പരാജയപ്പെട്ട ടീമിലെ ആദ്യ പതിനൊന്നില്‍ പല മാറ്റങ്ങളുമായാണ് ഘാന പരിശീലകന് അവ്റാം ഗ്രാന്റ് ടീമിനെ ഇറക്കിയത്. എന്നാല്‍, കരുത്തരും പരിചയസമ്പന്നരുമായ ഘാനയെ എതിരാടാൻ ഏറ്റവും മികച്ച നിരയെയാണ് ബുര്‍ക്കിന ഫാസോ പരിശീലകന് പൗളോ ഡ്യുറെറ്റ് കളത്തിലിറക്കിയത്. മത്സരത്തില്‍ ആദ്യ അവസരം ഘാനയ്ക്കായിരുന്നു. എമ്മാനുവല്‍ ബാഡുവിന്റെ ഹെഡര്‍ വളരെ വ്യത്യാസത്തില്‍ പുറത്തേക്കുപോയി. ഇതിനുമുമ്പ് തോമസ് പാര്ട്ടെയ്ക്കു തന്റെ ശ്രമം ക്രോസ് ബാറില്‍ തട്ടി തെറിക്കുന്നത് നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ.
ഇടവേളയ്ക്കു മുമ്പ് ബുര്‍ക്കിന ഫാസോ കൗണ്ടര്‍ അറ്റാക്കിലൂടെ ഘാനയുടെ പകുതിയിലേക്കു കടന്നുവന്നു. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ഘാന ആക്രമണം ശക്തമാക്കി. ജോര്‍ദാന്‍ അയു പെനാല്‍റ്റി ഏരിയയില്നിന്നും എടുത്ത അടി ബാറിനു മുകളിലൂടെ പറന്നു. മത്സരം ഒരു മണിക്കൂറിലേക്കായപ്പോള് പാര്‍ട്ടെയുടെ ക്ലോസ് റേഞ്ച് ഹെഡറിനും വല കുലുക്കാനായില്ല. കളി അവസാനത്തോടടുത്തപ്പോള്‍ ബുര്‍ക്കിന ഫാസോ മികച്ചുനിന്നു. പന്തുമായി കുതിച്ച സിറിലെ ബയാലയുടെ ഷോട്ട് ഘാന ഗോള്‍കീപ്പര്‍ റിച്ചാര്‍ഡ് ഒഫോറി തട്ടിയകറ്റി.
പ്രിജ്യൂസ് നകൗല്മയുടെ കിക്കും ഒഫോറി രക്ഷിച്ചു. മത്സരം നീളുമെന്നു തോന്നിച്ച അവസരത്തിലാണ് ബുര്‍ക്കിന ഫാസോയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചത്. കിക്കെടുത്ത ട്രവോര്‍ അവസരം നഷ്ടമാക്കിയുമില്ല. പന്ത് വലയ്ക്കുള്ളില്‍. ഇഞ്ചുറി ടൈമില്‍ ഘാനയ്ക്ക് സമനില പിടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചതാണ്. എന്നാല്‍ പ്രതിരോധക്കാരുടെ മാര്ക്കിംഗില്നിന്ന് ഒഴിഞ്ഞുനിന്ന ഡാനിയല്‍ അമാര്ടെയുടെ ഹെഡര്‍ പുറത്തേക്കു തന്നെയായിരുന്നു.