കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ എരുമേലിയിലെ സ്വകാര്യാശുപത്രിക്കെതിരേ ആരോപണവുമായി മാതാപിതാക്കൾ.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ഇവർ ആരോപിച്ചു.കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശി പയ്യംപള്ളിയിൽ പ്രിൻസ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകൾ സെറാ മരിയാ പ്രിൻസ് (ഒന്നര വയസ്) കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
പൊള്ളലേറ്റതിനെത്തുടർന്ന് ഈ മാസം 13നാണ് കുട്ടിയെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു.
പൊള്ളൽ പൂർണമായും ഭേദമാക്കിത്തരാമെന്ന ഉറപ്പിലായിരുന്നു കുട്ടിയെ ഇവിടെ അഡ്മിറ്റാക്കിയത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഫക്കെട്ട് ഉണ്ടായി.
തുടർന്ന് ആശുപത്രി ജീവനക്കാരെ വിവരമറിയിച്ചപ്പോൾ ഇതിനു മരുന്ന് നൽകുന്നുണ്ടെന്നായിരുന്നു അറിയിച്ചത്. മറ്റെവിടേക്കെങ്കിലും കുട്ടിയെ മാറ്റണോ എന്ന് അന്വേഷിച്ചെങ്കിലും വേണ്ടെന്ന് പറയുകയും ചെയ്തു.
27ന് അർധരാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ഓക്സിജൻ നൽകുകയും ചെയ്തു. തങ്ങളുടെ ആവശ്യപ്രകാരം ആംബുലൻസ് വിളിച്ച് വരുത്തി കുട്ടിയെ മറ്റൊരു ആശുപത്രിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.
ഓക്സിജൻ വേർപെടുത്തിയ ശേഷമാണ് കുട്ടിയെ ആംബുലൻസിലേക്ക് മാറ്റിയതെന്നും ഇതടക്കമുണ്ടായ ചികിത്സാ പിഴവുകളാണ് കുട്ടിയുടെ മരണകാരണമെന്നും മാതാപിതാക്കൾ ആരോപിച്ചു.
സംഭവത്തിൽ കുട്ടിയെ ചികിത്സിച്ച സ്വകാര്യആശുപത്രി അധികൃതർക്കെതിരേ മാതാപിതാക്കൾ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി.
അസ്വാഭാവിക മരണത്തിന് നേരത്തേ തന്നെ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാതാപിതാക്കളുടെ മൊഴിയെടുത്തിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
എന്നാൽ, ആവശ്യമായ ചികിത്സ നൽകുകയും അണുബാധയുണ്ടാകാതിരിക്കാനുള്ള മരുന്ന് തുടക്കംമുതൽ നൽകിയിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ താത്പര്യമുണ്ടെങ്കിൽ വേറെ ആശുപത്രിലേക്ക് മാറ്റുന്നതിന് തടസമില്ലെന്ന് അറിയിച്ചിരുന്നതാണ്.
വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്നാണ് ഇവിടെ അഡ്മിറ്റാക്കിയത്. തുടർന്ന് പൊള്ളൽ ഭേദമായെങ്കിലും പെട്ടെന്ന് അണുബാധയുണ്ടായി കുട്ടിയുടെ നില വഷളാകുകയായിരുന്നുവെന്നു ആശുപത്രി അധികൃതർ പറഞ്ഞു.