മണ്ണാര്‍ക്കാട്: ജില്ലയിലെ സ്വകാര്യബസുകളില്‍ എമര്‍ജന്‍സി വാതില്‍ കാണാനില്ലെന്നു പരാതി. മണ്ണാര്‍ക്കാട്– പാലക്കാട്, പാലക്കാട്– കോഴിക്കോട് റൂട്ടുകളിലെ സ്വകാര്യബസുകള്‍ക്കാണ് എമര്‍ജന്‍സി വാതിലുകള്‍ ഇല്ലാത്തത്.്അത്യാഹിത സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടുന്നതിനായി സ്വകാര്യബസുകളുടെ പിറകിലോ വലതുവശത്തോ എമര്‍ജന്‍സി വാതില്‍ സ്ഥാപിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നിയമം. നിലവില്‍ പിറകിലോ വലതുവശത്തോ ആയി എമര്‍ജന്‍സി എക്സിറ്റ് എന്ന ബോര്‍ഡ് മാത്രമേ കാണാനാകൂ.
ഓരോവര്‍ഷവും ബസുകള്‍ക്ക് റോഡ് ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടറുടെ മേല്‍നോട്ടത്തില്‍ ടെസ്റ്റ് നടക്കാറുണ്ട്. ടെസ്റ്റില്‍ പൂര്‍ണ ഫിറ്റ്നസ് ഉണ്ടെങ്കിലേ ടെസ്റ്റ് നല്‍കാറുള്ളൂ.എന്നാല്‍ ഇവരും വാതിലിന്റെ കാര്യം ശ്രദ്ധിക്കുന്നില്ലത്രേ. മുന്‍വര്‍ഷങ്ങളില്‍ എമര്‍ജന്‍സി വാതിലിന്റെ ഭാഗം ഒഴിച്ചിടുകയും ടെസ്റ്റ് കഴിഞ്ഞാല്‍ അവിടെ സീറ്റു പിടിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അതുപോലും ബസുകളില്‍ നടക്കുന്നില്ലത്രേ. കെഎസ്ആര്‍ടിസി ബസിലും എമര്‍ജന്‍സി വാതിലുകള്‍ ബോഡിയിലേക്ക് വെല്‍ഡ് ചെയ്ത് പിടിപ്പിക്കുന്നതായും പരാതി ശക്തമാണ്. മൈലാമ്പാടം, അലനല്ലൂര്‍, എടത്തനാട്ടുകര, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്കുള്ള ഏതാനും ബസുകളിലും ഇത്തരം എമര്‍ജന്‍സി വാതിലുകള്‍ അപ്രത്യക്ഷമായി.
യാത്രക്കാരുടെ സുരക്ഷ മോട്ടോര്‍വാഹന വകുപ്പ് കണ്ടില്ലെന്നു നടിക്കുകയാണ്. മോട്ടോര്‍വാഹന വകുപ്പ് കാര്യക്ഷമമായി ഇടപെട്ട് എമര്‍ജന്‍സി വാതിലുകള്‍ എല്ലാ ബസുകളിലുമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാണ്.