ബസ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ ബസ് സ്റ്റാൻഡിൽ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസാണ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറിയത്.
സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ബസിനുള്ളിൽ ഇരുന്ന 24 യാത്രക്കാരും സുരക്ഷിതരാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ അനുസരിച്ച് ഒരു സ്ഥലത്ത് നിർത്തിയതായി കണ്ട ഒരു എപിഎസ്ആർടിസി എസി മെട്രോ ലക്ഷ്വറി ബസ്, പതുക്കെ മുന്നോട്ട് നീങ്ങി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു, റെയിലിംഗ് തകർത്ത് ആളുകളെ ഇടിച്ചിട്ടു. പണ്ഡിറ്റ് നെഹ്റു ബസ് സ്റ്റേഷനിലെ 12-ാം നമ്പർ പ്ലാറ്റ്ഫോമിൽ നടന്ന സംഭവത്തിൽ പാത മുറിച്ചുകടക്കുകയായിരുന്ന ഒരു സ്ത്രീയും മരിച്ചു.
യാത്രക്കാർ രക്ഷയ്ക്കായി ഓടുന്നതും വീഡിയോയിൽ വ്യക്തമാണ്. എപിഎസ്ആർടിസി വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ദ്വാരക തിരുമല റാവു ആർടിസി അധികൃതരുമായും യാത്രക്കാരുമായും സംവദിച്ചു. ‘അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് ആർടിസി വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.’ബസിന്റെ ഡ്രൈവർക്ക് ഏകദേശം 60 വയസ്സുണ്ട്. സാങ്കേതിക തകരാറാണോ ഡ്രൈവറുടെ പിഴവാണോ അപകടത്തിലേക്ക് നയിച്ചതെന്ന് ഞങ്ങൾ അന്വേഷിക്കുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്.