ആലപ്പുഴ: ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കനാലിലേക്കു മറിഞ്ഞു. സംഭവത്തിൽ ബസ് ഡ്രൈവർ അൻഷാദ് (27), കണ്ടക്ടർ രതീഷ്(25) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ- കട്ടക്കുഴി റൂട്ടിൽ സർവീസ് നടത്തുന്ന അനശ്വര എന്ന ബസാണ് അപകടത്തിൽ പെട്ടത്.
ഇന്നലെ വൈകുന്നേരം 3.45നായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് മൂന്നോടെ ആലപ്പുഴ വഴിച്ചേരിയിലെ സ്റ്റാൻഡിൽ എത്തിയ ബസ് തിരിച്ച് കട്ടക്കുഴിയിലേക്ക് പോകാനായി സ്റ്റാൻഡിൽ നിന്നും റോഡിലേക്ക് ഇറക്കവേ, വലതുഭാഗത്തു നിന്നു വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് കനാലിലേക്കു മറിയുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
താരതമ്യേന ഗതാഗത തിരക്കേറിയ റോഡിലേക്കിറങ്ങുന്നതിനിടെയായിരുന്നു അപകടം. ഈ സമയം വാഹനങ്ങൾ കുറവായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. സംഭവ സമയം ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.