ഇരിട്ടി(കണ്ണൂർ): മാക്കൂട്ടം ചുരത്തിൽ കർണാടക സ്ലീപ്പർ കോച്ച് ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ബംഗളൂരവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ട് മരത്തിലിടിച്ചായിരുന്നു അപകടം.
ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് ചുരം ഇറങ്ങുബോൾ നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
ബസിനും മരത്തിനും ഇടയിലായി കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്കേറ്റു. ഇതിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ബസിന്റെ ഡോർ ലോക്കായി പോയതിനാൽ സൈഡ് ഗ്ലാസ് പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. പെരുന്നാൾ അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് ഏറെയും ബസിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ വീരാജ്പേട്ട, ഇരിട്ടി മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൊബൈൽ ഫോൺ കവറേജ് ഇല്ലാത്തതിനാൽ വിവരം അറിയാൻ വൈകിയതിനാൽ ഇരിട്ടിയിൽ നിന്ന് ഒന്നര മണിക്കൂർ വൈകിയാണ് ഫയർഫോഴ്സിന് സ്ഥലത്തെത്താൻ സാധിച്ചത്.