കോട്ടയം: സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരൻ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും മൂന്നു വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാവുകയും ചെയ്ത കേസിൽ ബസ് ഡ്രൈവർക്ക് തടവു ശിക്ഷ. സ്വകാര്യ ബസ് ഡ്രൈവർ മാഞ്ഞൂർ കല്ലടയിൽ കെ.എസ്.മോഹനനെ (39) രണ്ടു വർഷം തടവിനു ശിക്ഷിച്ചാണു കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഒന്ന് എം.സി. സനിത ഉത്തരവായത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജെ. പത്മകുമാർ ഹാജരായി.
2012 ജൂണ്‍ 11ന് കോട്ടയം ടൗണിൽ സ്റ്റാർ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചു എന്നാണ് കേസ്.കോട്ടയം-വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് ഇടിച്ച് വഴിയെ നടന്നുപോയ ലോട്ടറി വില്പനക്കാരൻ തമിഴ്നാട് സ്വദേശി ചുടലആണ്ടി (56)യാണ് മരിച്ചത്.
വെസ്റ്റ് എസ്ഐ ടോമി സെബാസ്റ്റ്യൻ ഓടിച്ചിരുന്ന കാറും മറ്റൊരു കാറും ബൈക്കുമാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ എസ്ഐ ടോമി സെബാസ്റ്റ്യന്‍ പരിക്കേറ്റിരുന്നു. കോട്ടയം ട്രാഫിക് പോലീസാണ് കേസെടുത്ത് കോടതിയിൽ എത്തിച്ചത്.