യാത്രക്കാരിയും ബസ് ഡ്രൈവറും തമ്മിലുണ്ടായ കൈയാങ്കളിയെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ് നദിയിലേക്കു മറിഞ്ഞു വീണ് പതിമൂന്ന് പേർ കൊല്ലപ്പെട്ടു. ചൈനയിലാണ് സംഭവം. താൻ ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്താതിരുന്നതിനെ തുടർന്നാണ് യാത്രക്കാരി ഡ്രൈവറിനോട് കയർത്തത്.
സംസാരത്തിനൊടുവിൽ ഇവർ ഡ്രൈവറെ തന്റെ കൈയിലിരുന്ന ഫോണ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഡ്രൈവറും ഇവരെ തിരിച്ചു മർദ്ദിച്ചു. മാത്രമല്ല ഇവരുടെ കൈ തടയാനും ശ്രമിച്ചു. ഈ സമയം ഇദ്ദേഹത്തിന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മുമ്പിൽ വന്ന കാറിൽ ഇടിച്ചതിനു ശേഷം ബസ് പാലത്തിന്റെ കൈവരി തകർത്ത് യാംഗ്ത്സെ നദിയിലേക്ക് കൂപ്പു കുത്തുകയുമായിരുന്നു.
ബസിനുള്ളിലുണ്ടായിരുന്ന 13 പേർ മരിച്ചു രണ്ടു പേരെ കണ്ടെത്താനുമുണ്ടെന്നാണ് പോലീസ് പറയുന്നത്. രണ്ടു പേർ തമ്മിലുണ്ടായ പ്രശ്നം ഒരു പാട് പേർക്ക് ദുരിതം വരുത്തി വച്ച സംഭവമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഏവരും.