നിസാരമായ ഒരു അശ്രദ്ധ എത്ര വലിയ ദുരന്തത്തിന് കാരണമാകുമെന്നതിന്റെ തെളിവായി മാറിയിരിക്കുകയാണ് കോട്ടയം എരുമേലിയില്‍ നടന്ന സംഭവം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എരുമേലിക്ക് പോയ ആലിപ്പഴം ബസാണ് വലിയ ദുരന്തത്തിലേക്ക് നയിക്കാവുന്ന സംഭവ പരമ്പരകള്‍ക്ക് വഴിമരുന്നിട്ടത്. തിങ്കളാഴ്ച്ച രാവിലെ എട്ടര കഴിഞ്ഞപ്പോഴാണ് സംഭവങ്ങള്‍ നടക്കുന്നത്.
ബസ് യാത്രയ്ക്കിടെ വഴിയരികില്‍ വച്ച് ഒരാള്‍ ഡ്രൈവര്‍ക്ക് ഒരു പൊതി നല്കി. എരുമേലിയില്‍ കൊടുക്കാനുള്ള ഇറച്ചിപ്പൊതിയായിരുന്നു അത്. പത്തുകിലോ വീതമുള്ള രണ്ടു പൊതികള്‍. ഡ്രൈവര്‍ ഇതുവാങ്ങി തന്റെ ഇരിപ്പിടത്തിനു താഴെ തന്നെ വച്ചു. ബസ് ഓടുന്നതിനിടെ ഇറച്ചിപ്പൊതി നിരങ്ങിനീങ്ങി ആക്സിലേറ്ററിന് മുകളില്‍ വീണു. ഇതോടെ ബസ് കുതിച്ചുപാഞ്ഞു.
നിയന്ത്രണം തെറ്റിയതോടെ ഡ്രൈവര്‍ പരിഭ്രാന്തിയിലായി. സ്റ്റിയറിങ്ങില്‍ ഒരു കൈ വെച്ച് മറ്റേ കൈ കൊണ്ട് പൊതി എടുക്കാന്‍ ഡ്രൈവര്‍ കുനിഞ്ഞപ്പോള്‍ ബസിന്റെ ബാക്കി നിയന്ത്രണം കൂടി നഷ്ടമായി. ഭാരമേറിയ പൊതി ഒരു കയ്യില്‍ ഉയര്‍ത്താന്‍ ഡ്രൈവര്‍ക്ക് കഴിഞ്ഞില്ല. എതിരേ വന്ന രണ്ട് ബൈക്ക് യാത്രക്കാര്‍ ബസിടിച്ച് തെറിച്ചുവീണു. ഇവരെ തൊട്ടടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ വന്ന ആശുപത്രിയിലെ നേഴ്സും ഭര്‍ത്താവും ബസിനടിയില്പ്പെട്ടെങ്കിലും ഭാഗ്യം ഇവര്‍ക്ക് തുണയായി.
ഒടുവില്‍ വഴിയരികിലെ പാലമരത്തില്‍ ഇടിപ്പിച്ചാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയത്. ഇതിനുമുമ്പ് അത്യാവശ്യം ഭേദപ്പെട്ട നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു ഈ ബസ്. മരത്തിലിടിച്ച് നിര്‍ത്തിയ ബസില്‍ തന്നെയിരുന്ന ഡ്രൈവറെ യാത്രക്കാരും നാട്ടുകാരും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഓടി നഷ്ടപ്പെടാനൊന്നും ശ്രമിക്കാതെ യാത്രക്കാരെ തല്ല് ഏറ്റുവാങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ തന്നെയാണ് ഒടുവില്‍ രക്ഷിച്ചതും. ഒരു ചെറിയ അശ്രദ്ധ എത്രവലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്ന് ഈ സംഭവം കാണിച്ചുതരുന്നു.