കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിന് സമീപം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.
നിരവധി പേർക്കു പരിക്കേറ്റു. വാളറ കടമാംകുഴി സ്വദേശി സജീവൻ (47) ആണ് മരിച്ചത്. ജീവനക്കാരും യാത്രക്കാരുമുൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഏഴോടെയാണ് അപകടം നടന്നത്.
ഗുരുതര പരിക്കേറ്റ അടിമാലി വലിയപറമ്പിൽ ഷഫീക്ക് റഹ്മാനെ കോലഞ്ചേരി ആശുപത്രിയിലും അസീസ് എന്നയാളെ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ മറ്റുള്ളവർ കോതമംഗലംധർമ്മ ഗിരി സെന്റ് ജോസഫ് ആശുപത്രി, ബെസേലിയോസ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.
മൂന്നാർ ഡിപ്പോയിലെ ആർഎസ്ഇ 269-ാം നമ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽനിന്ന് ബസ് എറണാകുളത്തേക്ക് പോകുകയായിരുന്നു. 60 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും, ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ബസിന്റെ ടയർ പൊട്ടി
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന്റെ ടയർ പെട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ചോളം അടി താഴ്ചയിലേക്ക് വീണ ബസ് മരത്തിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അടിക്കടി നിവധി അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് നേരിമംഗലത്തെ ചാക്കോച്ചി വളവ്. കോതമംഗലം ധർമഗിരി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവർ:
തോക്കുപാറ വലിയപറമ്പിൽ റംല,തോക്കു പാറ മക്കോളിൽ റെജി, ആനച്ചാൽ തെക്കേടത്ത് ലിസ്സി തോമസ്, ഇരുമ്പുപാലം പുത്തൻപുരക്കൽ ആര്യ, വെള്ളത്തൂവൽ പാറക്കൽ അനൂപ്, വാളറ മങ്ങാട്ട് തോമസ് ചാക്കോ, കോഴിക്കോട് വെള്ളക്കാട് ഡോമിൻ, ആനച്ചാൽ തെക്കേടത്ത് തോമസ് ജോസഫ്.
കോതമംഗലം ബെസേലിയോസ് ആശുപത്രിയിൽ ചികിത്സ തേടിയവർ: ഹരികൃഷ്ണൻ, ജയൻ, അൽജോ, റിയാസ്, സാബു, ബിനോയി, അബിജിത്ത്, മനോജ്, അബാസ്, രതീഷ്, ക്ലിന്റ്, ആഷിക്, ആൽഫിയ, കൊച്ചു ജോസഫ്, അഫ്സൽ. നിസാര പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം പറഞ്ഞയച്ചു.
ചാക്കോച്ചി വളവ്
കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ചാക്കോച്ചി വളവിൽ ഇതിന് മുമ്പും പലവട്ടം അപകടങ്ങൾ നടന്നിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
മരത്തിൽ തട്ടിനിന്നില്ലായിരുന്നെങ്കിൽ
ചാക്കോച്ചി എന്ന ബസ് അപകടത്തിൽപ്പെട്ടതിന് ശേഷമാണ് ഈ ഭാഗം ചാക്കോച്ചി വളവ് എന്ന് അറിയപ്പെട്ടത്. റോഡി ന്റെ ഒരു വശം മുഴുവൻ ആഴത്തിലുള്ള കൊക്കയാണ്.
ഇന്ന് നടന്ന അപകടത്തിൽ ബസ് മരത്തിൽ തട്ടിനിന്നില്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി വലുതാകുമായിരുന്നു. റോഡ് നിർമാണത്തിലെ അപാകതയും അപകടത്തിന് കാരണമാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ടാറിനോട് ചേർന്ന ഭാഗം മണ്ണ് ഒഴുകി മാറി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതും നേര്യമംഗലം അടിമാലി റൂട്ടിൽ ജീവന് ഭീഷണി ഉയർത്തുന്നുണ്ട്.
രണ്ടു വാഹനങ്ങൾക്ക് കടന്നു പോകാൻ സ്ഥലമുണ്ടെങ്കിലും ചില ഭാഗത്ത് വലിയ വാഹനങ്ങൾ സൈഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു.